
ചെന്നൈ: ചെങ്കൽപേട്ടിൽ നാടൻ ബോംബുകൾ എറിഞ്ഞുപൊട്ടിച്ച് ജന്മദിനം ആഘോഷിച്ച യുവാവ് അറസ്റ്റിൽ. ദീപക് എന്ന 21 കാരനാണ് അറസ്റ്റിലായത്. ചെങ്കൽപേട്ട് താലൂക്ക്, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ഒളിവിലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദീപക് തൻ്റെ ജന്മദിനം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയും സോഷ്യൽ മീഡിയ വഴി എല്ലാവരെയും രാത്രിയിൽ ചെങ്കൽപേട്ടിലെ ഒരു സ്ഥലത്തേക്ക് ക്ഷണിക്കുകയും ചെയ്തു. എല്ലാവരും മദ്യപിക്കുകയും സ്പീക്കറുകൾ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടുവയ്ക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചെങ്കൽപ്പട്ടുകാരനായ ദേവ് (22) ദീപക്കിന് പിറന്നാളിന് നാടൻ ബോംബുകൾ സമ്മാനമായി നൽകിയതായും ആഘോഷത്തിന്റെ ഭാഗമായി ദീപക് ബോംബ് പൊട്ടിച്ച് പ്രദേശത്ത് എറിഞ്ഞതായും പൊലീസ് പറഞ്ഞു.
നാട്ടുകാർ ചെങ്കൽപേട്ട് താലൂക്ക് പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തുന്നതിനു മുൻപ് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ദീപക്കിനെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദീപക്കിന്റെ കാലിന് ഒടിവുണ്ടായതായും ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം പൊലീസ് ദീപക്കിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. ദീപക്കിന് നാടൻ ബോംബുകൾ നൽകിയ ദേവിനെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Content Highlights: arrested for celebrating b’day by hurling bombs in Chengalpattu