ഓടിയെടുത്തത് വെറും ആറ് റൺസ്! വൈഭവിന്റെ ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ഇങ്ങനെ

സിക്‌സറുകളും ഫോറുകളുമടിച്ചുള്ള സ്ഥിരശൈലിയിലായിരുന്നു വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

dot image

ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 174 റൺസിന് ഓൾ ഔട്ടായപ്പോൾ, ഇന്ത്യ വെറും 24 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 19 പന്തിൽ 48 റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

സിക്‌സറുകളും ഫോറുകളുമടിച്ചുള്ള സ്ഥിരശൈലിയിലായിരുന്നു വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അടിച്ച 48 റൺസിൽ 42 റൺസും ബൗണ്ടറിയിലൂടെയാണ് വൈഭവ് നേടിയത്. അഞ്ച് പടക്കൂറ്റൻ സിക്‌സറും മൂന്ന് ഫോറുമടങ്ങിയതാണ് താരത്തിന്റെ കിടിലൻ ഇന്നിങ്‌സ്.

വൈഭവിനൊപ്പം ക്യാപ്റ്റൻ ആയുഷ് മാത്രെയും മികവ് പുലർത്തിയപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് 7.3 ഓവറിൽ 71 റൺസാണ് കൂട്ടിച്ചേർത്തത്. 21 റൺസാണ് മാത്രെ നേടിയത്.

വൈഭവിനും മാത്രെക്കും ശേഷം ക്രീസിലെത്തിയ വിഹാൻ മൽഹോത്ര ( 18 ), മൗല്യരാജ്‌സിങ് ചാവ്ദ ( 16 ) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ കുമാറും, അഭിഗ്യൻ കുണ്ടുവും ചേർന്ന് കൂടുതൽ നഷ്ടം വരുത്താതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അഭിഗ്യൻ കുണ്ടു 45 റൺസുമായും, രാഹുൽ കുമാർ 17 റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ 28 പന്തിൽ 42 റൺസെടുത്ത ഇസാക് മുഹമ്മദും, 56 റൺസ് നേടിയ റോക്കി ഫ്‌ലിന്റോഫുമാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ബൗളിങ് നിര മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ഇംഗ്ലണ്ട് 174 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി കനിഷ്‌ക് ചൗഹാൻ മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഇനാൻ, ആർഎസ് അംബ്രിഷ്, ഹെനിൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

വിജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ജൂൺ 30 നാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുക. ഏകദിന പരമ്പരയ്ക്ക് ശേഷം രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.

Content Highlights- 42 out 48 runs of Vaibhav Suryavanshi Against England Under 19 came in boundaries

dot image
To advertise here,contact us
dot image