ടി20 ക്യാപ്റ്റനായി കൂടുതൽ സെഞ്ച്വറികൾ; ബാബർ അസമിനും മൈക്കൽ ക്ലിങ്ങറിനും ഒപ്പമെത്തി ഫാഫ് ഡു പ്ലെസി

മത്സരത്തിൽ ഫാഫ് ഡു പ്ലെസിസിന്റെ സെഞ്ച്വറി നേട്ടമാണ് ടെക്സസ് സൂപ്പർ കിങ്സിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്

dot image

ട്വന്റി 20 ക്രിക്കറ്റിൽ പുതുചരിത്രം രചിച്ച് ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡു പ്ലെസിസ്. മേജർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ടെക്സസ് സൂപ്പർ കിങ്സിന് വേണ്ടിയാണ് ഡു പ്ലെസി ചരിത്രമെഴുതിയത്. ടി20 ക്രിക്കറ്റിൽ നായകനായി കൂടുതൽ സെഞ്ച്വറിയെന്ന നേട്ടത്തിൽ ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലിങ്ങറിനും പാകിസ്താൻ താരം ബാബർ അസമിനും ഒപ്പമെത്തിയിരിക്കുകയാണ് ഡു പ്ലെസിസ്. മൂന്ന് താരങ്ങളും ഏഴ് സെഞ്ച്വറികൾ വീതമാണ് ക്യാപ്റ്റനായി ട്വന്റി 20 ക്രിക്കറ്റിൽ നേടിയിരിക്കുന്നത്.

മത്സരത്തിൽ ഫാഫ് ഡു പ്ലെസിസിന്റെ സെഞ്ച്വറി നേട്ടമാണ് ടെക്സസ് സൂപ്പർ കിങ്സിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 51 പന്തിൽ ആറ് ഫോറും ഏഴ് സിക്സറും സഹിതം ഡു പ്ലെസിസ് 100 റൺസ് നേടി. സൈതേജ മുക്കമല്ല 38, ഡെവോൺ കോൺവേ 23 എന്നിവരും ടെക്സസ് നിരയിൽ നന്നായി കളിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സാൻ ഫ്രാൻസിസ്കോ ലക്ഷ്യത്തിലെത്തി. ടെക്സസ് ഉയർത്തിയ വലിയ ലക്ഷ്യത്തിലേക്ക് അനായാസം സാൻ ഫ്രാൻസിസ്കോ തിരിച്ചടിച്ചു. 29 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്ത ക്യാപ്റ്റൻ മാറ്റ് ഷോർട്ടാണ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചത്. 35 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 78 റൺസുമായി ഫിൻ അലനാണ് സാൻ ഫ്രാൻസിസ്കോയുടെ ടോപ് സ്കോറർ. 25 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 37 റൺസെടുത്ത ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിന്റെ പ്രകടനവും സാൻ ഫ്രാൻസിസ്കോയുടെ വിജയത്തിൽ നിർണായകമായി.

Content Highlights: Faf du Plessis equals elite T20 record with century vs San Francisco Unicorns in MLC

dot image
To advertise here,contact us
dot image