ഇഞ്ച്വറി ടൈം ത്രില്ലര്‍! മയ്യോര്‍ക്കയ്‌ക്കെതിരെ റയലിന് നാടകീയ വിജയം; കിരീടത്തിനായി ബാഴ്‌സ കാത്തിരിക്കണം

ഇഞ്ച്വറി ടൈമില്‍ റയലിന്റെ ന്റെ നിര്‍ണായക ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്

dot image

ലാ ലിഗയില്‍ കിരീടനേട്ടം ആഘോഷിക്കാന്‍ ബാഴ്‌സലോണയ്ക്ക് ഇനിയും കാത്തിരിക്കണം. മയ്യോര്‍ക്കയ്‌ക്കെതിരായ മത്സരത്തില്‍ നാടകീയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ആവേശ വിജയമാണ് റയല്‍ സ്വന്തമാക്കിയിരിക്കുന്നത്.

റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ, യുവതാരം ജാക്കോബോ റാമോണ്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മയ്യോര്‍ക്കയ്ക്ക് വേണ്ടി മാര്‍ട്ടിന്‍ വലിയന്റും ലക്ഷ്യം കണ്ടു. ഇഞ്ച്വറി ടൈമില്‍ റയലിന്റെ നിര്‍ണായക ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

മത്സരം 1-1 സമനിലയില്‍ അവസാനിക്കും എന്ന് പ്രതീക്ഷിക്കവേ 95-ാം മിനിറ്റിലായിരുന്നു റാമോണ്‍ നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്.

പരിക്ക് കാരണം പ്രമുഖ താരങ്ങള്‍ പലരും ഇല്ലാതെയാണ് മത്സരത്തിന് റയല്‍ ഇറങ്ങിയത്. സ്വന്തം കാണികള്‍ക്കുമുന്നില്‍ ഇറങ്ങിയ റയലിനെ മത്സരത്തിന്റെ 11-ാം മിനിറ്റില്‍ മയ്യോര്‍ക്ക ഞെട്ടിച്ചു. മാര്‍ട്ടിന്‍ വലിയന്റായിരുന്നു റയലിന്റെ വല കുലുക്കിയത്.

രണ്ടാംപകുതിയുടെ 68-ാം മിനിറ്റില്‍ റയല്‍ കിലിയന്‍ എംബാപ്പെയിലൂടെ ഗോള്‍ തിരിച്ചടിച്ചു. ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു എംബാപ്പെ സമനില ഗോള്‍ കണ്ടെത്തിയത്. ഇതോടെ റയലിനൊപ്പം കന്നി സീസണില്‍ 40 ഗോള്‍ തികയ്ക്കാന്‍ ഇതോടെ എംബാപ്പെയ്ക്ക് സാധിച്ചു.

സമനില ഗോളിന് ശേഷം വിജയം കണ്ടെത്താന്‍ റയല്‍ പരിശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ലിയോ റോമന്‍ മയ്യോര്‍ക്കയുടെ രക്ഷകനായി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മയ്യോര്‍ക്കയുടെ പ്രതിരോധം ഭേദിക്കപ്പെട്ടു. റാമോണിന്റെ ഗോളില്‍ റയല്‍ അതിനാടകീയ വിജയം സ്വന്തമാക്കി.

മയോര്‍ക്കയ്‌ക്കെതിരായ വിജയത്തോടെ ലാ ലിഗ കിരീടപ്പോരാട്ടം ഒരു ദിവസത്തേക്കെങ്കിലും നീട്ടിവെക്കാന്‍ റയല്‍ മാഡ്രിഡിനായി. 36 മത്സരങ്ങളില്‍ 78 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാംസ്ഥാനത്ത് തുടരുന്നു. അതേസമയം ഒരു മത്സരം കുറവ് കളിച്ച ബാഴ്സ 82 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. വ്യാഴാഴ്ച രാത്രി എസ്പാന്‍യോളിനെ തോല്‍പിച്ചാല്‍ ബാഴ്സലോണയ്ക്ക് ലാ ലിഗ കിരീടമുയര്‍ത്താം.

Content Highlights: Real Madrid rallies to beat Mallorca 2-1 and delay Barcelona’s title celebrations

dot image
To advertise here,contact us
dot image