സഞ്ജു ചെന്നൈയിലേക്ക് തന്നെ? പകരം റോയല്‍സിലെത്തുക 2 സൂപ്പര്‍ താരങ്ങള്‍! വമ്പന്‍ ട്വിസ്റ്റിന് സാധ്യത ശക്തം

സഞ്ജുവിനെ സ്വന്തമാക്കാൻ രണ്ട് താരങ്ങളെ വിട്ടുനൽകാൻ ചെന്നൈ‌ തയ്യാറാണെന്നാണ് ഈ പോസ്റ്റിൽ നിന്ന് ലഭിക്കുന്ന സൂചന

dot image

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കൂടുതൽ ചർച്ചയാവുന്നത്. താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് പുതിയ ടീമിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ചെന്നൈ‌ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് ഏറ്റവും ശക്തമായുള്ളത്.

ഐപിഎല്ലിൽ ചെന്നൈയുടെ വിക്കറ്റ് കീപ്പറായ മഹേന്ദ്രസിങ് ധോണി കരിയറിന്റെ അവസാന കാലഘട്ടങ്ങളിലാണെന്നിരിക്കെ പകരം സഞ്ജുവിനെ എത്തിക്കാനാണ് നീക്കം. 2026 മിനി ലേലത്തിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോളിതാ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ സാധ്യത നൽകുന്ന സൂചനകളാണ് ക്രിക്കറ്റ് ആരാധകരിലേക്കെത്തുന്നത്.

പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള കൂടുമാറ്റം വീണ്ടും ചർച്ചകളിലെത്തിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് താരമായ ആർ അശ്വിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രസന്ന അഗോരം. ഒരു ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്ററെ ചെന്നൈ തട്ടകത്തിലെത്തിക്കാനുള്ള ട്രേഡ് ചർച്ചകൾ ആരംഭിച്ചെന്നും ആ താരത്തിന് പകരം ചെന്നൈയിലെ ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ മിഡിൽ ഓർഡർ ബാറ്ററെയും ടീം കൈമാറുമെന്നുമാണ് പ്രസന്ന അഗോരത്തിന്റെ പോസ്റ്റിലുള്ളത്.

താരങ്ങളുടെ പേര് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും ചെന്നൈ നോക്കുന്ന ടോപ് ഓർഡർ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തന്നെയാകാനാണ് സാധ്യത. നിലവിൽ ഐപിഎല്ലിൽ കളിക്കുന്ന മറ്റ് പ്രധാന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാരാരും ടീം വിട്ടേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നുമില്ല‌.

അതേസമയം സഞ്ജുവിനെ സ്വന്തമാക്കാൻ രണ്ട് താരങ്ങളെ വിട്ടുനൽകാൻ ചെന്നൈ‌ തയ്യാറാണെന്നാണ് ഈ പോസ്റ്റിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതിൽ പ്രസന്ന അഗോരം പറയുന്ന ഓഫ് സ്പിന്നർ ആർ അശ്വിൻ തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 9.75 കോടി രൂപക്ക് സിഎസ്കെ സ്വന്തമാക്കിയ അശ്വിൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2022 മുതൽ 2024 വരെ രാജസ്ഥാന്റെ താരമായിരുന്നു അശ്വിൻ എന്നതും ശ്രദ്ധേയം.

പ്രസന്ന അഗോരം ചൂണ്ടിക്കാട്ടുന്ന ഇടം കൈയ്യൻ മിഡിൽ ഓർഡർ ബാറ്റർ ശിവം ദുബെയാകുമെന്നും ഇൻസൈഡ് സ്പോർട്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ ദുബെ, ഐപിഎല്ലിൽ മുൻപ് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം മികച്ച റെക്കോഡുള്ള ദുബെ 2025 സീസൺ ഐപിഎല്ലിൽ 14 കളികളിൽ നിന്ന് 32.45 ബാറ്റിങ് ശരാശരിയിൽ 357 റൺസ് നേടിയിരുന്നു.

Content Highlights: Chennai Super Kings to offer two big names to Rajasthan Royals for Sanju Samson in blockbuster trade for IPL 2026

dot image
To advertise here,contact us
dot image