ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആറ് സമീപകാല വിരമിക്കൽ പ്രഖ്യാപനങ്ങൾ; ഒടുവിലത്തേത് പുരാൻ

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന രോഹിത് ശർമയാണ് ഇത്തരമൊരു വിരമിക്കലിന് തുടക്കം കുറിച്ചത്

dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ. 29 വയസ് മാത്രമുള്ളപ്പോൾ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമീപകാലത്ത് ആറ് താരങ്ങളുടെ വിരമിക്കലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. അവരിൽ പല താരങ്ങളും ക്രിക്കറ്റ് കരിയറിന്റെ അവസാനഘട്ടത്തിലാണ് വിരമിച്ചത്. എങ്കിലും ചില താരങ്ങളുടെ കരിയറിൽ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടായിരുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന രോഹിത് ശർമയാണ് ഇത്തരമൊരു വിരമിക്കലിന് തുടക്കം കുറിച്ചത്. മെയ് ഏഴിന് ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനിടെയിൽ ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനില്ലെന്ന് രോഹിത് പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് സൂപ്പർതാരം വിരാട് കോഹ്‍ലിയുടെ വിരമിക്കൽ വാർത്ത വന്നത്. മെയ് 12ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപനം വന്നു. ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിന്റെ കരിയർ രണ്ട് വർഷമെങ്കിലും ബാക്കിയുണ്ടെന്ന വിലയിരുത്തലുകൾക്കിടെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്.

ട്വന്റി 20 ക്രിക്കറ്റിൽ നിന്ന നേരത്തെ തന്നെ വിരമിച്ച രോഹിത്തിനെയും കോഹ്‍ലിയെയും ആരാധകർക്ക് ഇനി ഇന്ത്യൻ ടീമിൽ ഏകദിന മത്സരങ്ങളിൽ മാത്രമെ കാണാൻ സാധിക്കൂ.

മെയ് 23ന് ശ്രീലങ്കൻ വെറ്ററൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. 38-ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ജൂൺ രണ്ടിന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2027 ഏകദിന ലോകകപ്പിൽ തനിക്ക് പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് വിരമിക്കുന്നതെന്നാണ് മാക്സ്‍വെൽ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അറിയിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫോമിൽ നിന്നപ്പോൾ വിരമിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ഹെൻ‍റിച്ച് ക്ലാസൻ. ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് ക്ലാസൻ വിരമിക്കലിനെ വിശേഷിപ്പിച്ചത്. മികച്ച താരങ്ങൾ കളംവിടുമ്പോൾ ലോക ക്രിക്കറ്റിന്റെ ആരാധകരാണ് നിരാശരാകുന്നത്.

Content Highlights: Six Recent Retirements That Shocked Cricket World

dot image
To advertise here,contact us
dot image