ലങ്കൻ സ്പിൻ കെണിയിൽ ബം​ഗ്ലാദേശ് വീണു; ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കി

രണ്ടാം ഇന്നിങ്സിൽ ബം​ഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റുകളും സ്പിന്നർമാരാണ് നേടിയത്

dot image

ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 78 റൺസിനും ബം​ഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ​ആദ്യ ഇന്നിങ്സ് ലീഡായ 211 റൺസ് മറികടക്കാൻ ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 133 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 247, ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 458. ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 133.

നാലാം ദിവസം രാവിലെ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലാണ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 18 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബം​ഗ്ലാദേശിന് അവശേഷിച്ച നാല് വിക്കറ്റുകൾ കൂടി നഷ്ടമായി. 26 റൺസെടുത്ത മുഷ്ഫീഖർ റഹീമാണ് രണ്ടാം ഇന്നിങ്സിൽ ബം​ഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കായി സ്പിന്നർ പ്രഭത് ജയസൂര്യ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബം​ഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റുകളും സ്പിന്നർമാരാണ് നേടിയത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിന് 247 റൺസാണ് നേടിയത്. 46 റൺസെടുത്ത ഷദ്മാൻ ഇസ്ലാമാണ് ടോപ് സ്കോറർ. മുഷ്ഫീഖർ റഹീം 35 റൺസും ലിട്ടൻ ദാസ് 34 റൺസും സംഭാവന ചെയ്തു. തൈജൂൾ ഇസ്ലാം 33 റൺസ് നേടി. എങ്കിലും ആർക്കും വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാതിരുന്നത് ബം​ഗ്ലാദേശിന് തിരിച്ചടിയായി.

ആദ്യ ഇന്നിങ്സിൽ ശ്രീലങ്കൻ ടീം 458 റൺസാണ് സ്കോർ ചെയ്തത്. 158 റൺസെടുത്ത പത്തും നിസങ്ക, 93 റൺസുമായി ദിനേശ് ചാന്ദിമാൽ, 84 റൺസെടുത്ത കുശൽ മെൻഡിസ് എന്നിവരുടെ പ്രകടനം ലങ്കയെ മികച്ച സ്കോറിലെത്തിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. പിന്നാലെ അവസാന ടെസ്റ്റ് വിജയിച്ച് ശ്രീലങ്ക പരമ്പര വിജയം സ്വന്തമാക്കി.

Content Highlights: Sri Lanka beat Bangladesh and clinched test match series

dot image
To advertise here,contact us
dot image