
ഇന്ത്യയിലെ വിവാഹ മോചന തലസ്ഥാനമെന്ന വിശേഷണം കേരളത്തിന് തന്നെയെന്ന് അടിവരയിടുന്നതാണ് ഈയടുത്തുവരുന്ന വിവാഹമോചന കണക്കുകള്‍. കേരളത്തില്‍ വിവാഹമോചന നിരക്കുകള്‍ എക്കാലത്തേക്കാളും ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പ്രതിദിനം ഫയല്‍ ചെയ്യുന്ന വിവാഹ മോചനക്കേസുകള്‍ നൂറോളമാണ്. 2016ല്‍ 53 ആയിരുന്നത് 2022ല്‍ 75 ആയി ഉയര്‍ന്നിരുന്നു. വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അതേസമയം മലബാറില്‍ വിവാഹമോചന നിരക്കുകള്‍ താരതമ്യേന കുറവാണ്.
2016 മുതല്‍ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളില്‍ വിവാഹ മോചനക്കേസുകളില്‍ 40 ശതമാനമാണ് വര്‍ദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 3,536 കേസുകള്‍. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നില്‍. കൊല്ലം: 3,245. ഇടുക്കി: 1,092, കാസര്‍കോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538. ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യന്‍ ഡിവോഴ്സ് ആക്ട് (ക്രിസ്ത്യന്‍) പ്രകാരമുള്ളവയാണ് കൂടുതല്‍. വിവാഹ മോചനക്കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന് പറയുന്നു.
ശാരീരികവും മാനസികവുമായ പീഡനം, വിവാഹേതര ബന്ധങ്ങള്‍, ലഹരി ഉപയോഗം, വിവാഹത്തിന് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് തെളിയുക എന്നിവയൊക്കെയാണ് വിവാഹമോചനത്തിന് പ്രധാന കാരണങ്ങളാകുന്നത്. ചില പരാതികള്‍ കോടതി ഇടപെട്ട് തീര്‍പ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനം പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച തര്‍ക്കമാണ്. കോടതിയെ സമീപിക്കുന്നവരില്‍ 10 ശതമാനം മാത്രമേ വീണ്ടും യോജിക്കുന്നുള്ളൂ എന്ന് അഭിഭാഷകരും പറയുന്നു.
വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്, ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം, പങ്കാളിയെ അവഗണിക്കല്‍, ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്പര്യമില്ലായ്മയും, ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും, മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം, ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം, പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ, വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം, കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്ടാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, ബൗദ്ധികമായ പൊരുത്തക്കേടുകള്‍, മനോരോഗങ്ങള്‍, മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം, സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍. ഇവയൊക്കെ വിവാഹ മോചനങ്ങള്‍ പെരുകുന്നതിനുള്ള കാരണങ്ങളാണ്.
വിവാഹത്തെക്കുറിച്ചുള്ള ആലോചന തുടങ്ങുമ്പോഴേ വിവാഹവേദി തിരഞ്ഞെടുക്കാനും വസ്ത്രങ്ങള്‍ വാങ്ങാനും അതിഥികളുടെ പട്ടിക തയ്യാറാക്കാനും പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും ഒക്കെയുള്ള കാര്യങ്ങള്‍ക്കായി സമയവും ദിവസങ്ങളും ഒക്കെ നാം മാറ്റി വയ്ക്കാറുണ്ട്. എന്നാല്‍ ' വിവാഹത്തിന് വൈകാരികമായും മാനസികമായും നിങ്ങള്‍ തയ്യാറാണോ' എന്ന് ദമ്പതികളോട് അപൂര്‍വ്വമായി മാത്രമേ ആരെങ്കിലും ചോദിക്കാറുളളൂ.
ഡല്‍ഹി ആസ്ഥാനമായുള്ള മാച്ച് മേക്കറും മേക്ക് മൈ ലഗാന്‍ (മാച്ച് മേക്കിംഗ് സര്‍വീസ്) സ്ഥാപകയുമായ ഷാലു ചൗളയും ഒയാസിസ് കൗണ്‍സിലേഴ്സില്‍ കൗണ്‍സിലറായ ഡോ. രാജേന്ദ്ര മോറും ഇന്ത്യാടുഡേയിലെ ഒരു ലേഖനത്തില്‍ പറയുന്നതനുസരിച്ച് ' സിനിമകളോ സോഷ്യല്‍ മീഡിയയോ രൂപപ്പെടുത്തുന്ന പ്രതീക്ഷകളോടെയാണ് പല യുവതീയുവാക്കളും വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹങ്ങള്‍ തകരുന്നതിന് പ്രധാന കാരണം തെറ്റായ പ്രതീക്ഷകളാണ്. ഇത്തരം ധാരണകള്‍ മാറുന്നതിന് വിവാഹത്തിന് മുന്പുളള കൗണ്‍സിലിംഗ് ഒരു പരിഹാരമാര്‍ഗമാണ് ' എന്ന് ഷാലു ചൗള പറയുന്നു. 'ചിലപ്പോള്‍ ആളുകള്‍ അവരുടെ പങ്കാളികളില്‍ നിന്ന് യാഥാര്ത്ഥ്യബോധമില്ലാത്തതോ വിചിത്രമോ ആയ കാര്യങ്ങള്‍ പ്രതീക്ഷിക്കാറുണ്ട്, ' ഡോ. മോര് പറയുന്നു.
കൗണ്‍സിലിംഗിലൂടെ ഇത്തരം ധാരണകളെ യുക്തിപരമായി മനസിലാക്കാന്‍ സഹായിക്കും. അതുപോലെ തന്നെ അദ്ദേഹം പറയുന്നതനുസരിച്ച് 'നമ്മുടെ വ്യത്യസ്തങ്ങളായ മതങ്ങള്‍, പ്രദേശങ്ങള്‍, കുടുംബ ഘടനകള്‍, ചിന്താഗതികള്‍ തുടങ്ങി വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നുള്ള രണ്ട് ആളുകള്‍ ഒത്തുചേരുമ്പോള്‍ അവര്‍ക്ക് പൊരുത്തപ്പെടാനും പ്രയാസമായിരിക്കും. വിവാഹത്തിന് മുന്‍പുള്ള കൗണ്‍സിലിംഗ് അത്തരം അന്തരങ്ങളെ സുരക്ഷിതമായി മനസിലാക്കാനുളള ഇടമാക്കി മാറ്റുന്നു.' ഡോ. മോറും ഡോ. ചൗളയും ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം വിവാഹത്തിന് മുന്‍പ് ദമ്പതികള്‍ പരസ്പരം ചോദിക്കേണ്ട ചില ചോദ്യങ്ങളെക്കുറിച്ചാണ്.
വിവാഹത്തെക്കുറിച്ചു പലര്‍ക്കും പലതരത്തിലുള്ള സങ്കല്പങ്ങളാകും ഉണ്ടാകുക. ഇത്തരത്തില്‍ മനസില്‍ ഉറച്ചുപോയ സങ്കല്പങ്ങള് പലതും യാഥാര്‍ഥ്യത്തിനു നിരക്കുന്നത് ആയിരിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളില്‍ ഉറഞ്ഞുപോയ തെറ്റിദ്ധാരണകളെ മാറ്റാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സഹായകരമാകും. മറ്റൊന്നു വിവാഹജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കലാണ്. ഭാര്യാഭര്‍തൃബന്ധം, പരസ്പരം മനസ്സിലാക്കല്‍, മനപൊരുത്തം, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടവിധം, ലൈംഗികമായ തെറ്റിദ്ധാരണകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ ക്ലാസ്സുകളില്‍ ഉത്തരം ലഭിക്കും.
Content Highlights: Recent divorce statistics underscore Kerala's reputation as the divorce capital of India