എന്താണ് ഡെലിവറി ബോക്‌സ് തട്ടിപ്പ്, തട്ടിപ്പുകാര്‍ എങ്ങനെ നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കുന്നു

സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വീട്ടില്‍ വരുന്ന പാഴ്‌സല്‍ ബോക്‌സുവഴി എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്

dot image

ഓണ്‍ലൈന്‍വഴി ഷോപ്പിംഗ് നടത്താത്തവരായി ആരും ഉണ്ടാവില്ല. എത്ര എളുപ്പത്തിലാണല്ലേ ഇഷ്ടപ്പെട്ട സാധനങ്ങള്‍ നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്നതും മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ഉള്ളില്‍ത്തന്നെ അവ നമ്മുടെ വീട്ടുപടിക്കല്‍ എത്തുന്നതും അല്ലേ. പക്ഷേ ഇതിലെ സാധനങ്ങള്‍ എടുത്ത ശേഷം അവ പായ്ക്ക് ചെയ്തതുവന്ന ബോക്‌സ് അശ്രദ്ധമായി വലിച്ചെറിയുന്നവരുണ്ട്. ഇത്തരത്തില്‍ വലിച്ചെറിയുന്ന ബോക്‌സ് നിങ്ങളെ കുഴപ്പത്തിലാക്കും.

കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് ദൈനം ദിന ജീവിതത്തിന്റെ ശീലമായി മാറുന്നതോടെ പാഴ്‌സല്‍ പാക്കേജുകളിലെ വ്യക്തിഗത വിവരങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്ന് പറയുകയാണ് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍. @therajivmakhni എന്ന അക്കൗണ്ടിലൂടെയാണ് തട്ടിപ്പിനെക്കുറിച്ച് ഇദ്ദേഹം പറയുന്നത്.

അപകട സാധ്യത എങ്ങനെ

നിങ്ങള്‍ക്ക് ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ ആ പാക്കേജില്‍ സാധാരണയായി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അതായത്, മുഴുവന്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം ഇവയെല്ലാം ഉള്‍ക്കൊള്ളിച്ച ലേബല്‍ പതിപ്പിച്ചിട്ടുണ്ടാവും. ഒരു തട്ടിപ്പുകാരനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ അത്രയും മതിയാകും. ഈ വിവരങ്ങള്‍ എത്ര എളുപ്പത്തില്‍ തെറ്റായ കൈകളില്‍ എത്തുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. ഈ വിവരങ്ങള്‍ ഒക്കെ ഉപയോഗിച്ച് അവര്‍ വ്യാജ സന്ദേശങ്ങള്‍, സ്‌കാം കോളുകള്‍, ഫിഷിംഗ് തട്ടിപ്പുകള്‍ എന്നിവ നടത്തുന്നു.

നിങ്ങള്‍ അവരെ വിശ്വസിക്കുമ്പോള്‍ കെണി ഒരുങ്ങുകയാണ്

ഇതൊരു ഹൈട്ടെക് തട്ടിപ്പൊന്നും അല്ല. ഇതൊരു സോഷ്യല്‍ എഞ്ചിനിയറിങ് ആണ്. നിങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം തട്ടിപ്പുകാര്‍ ഒരു ഡെലിവറി എക്‌സിക്യുട്ടീവ് ആയോ, കസ്റ്റമര്‍ കെയര്‍ പ്രതിനിധി ആയോ, ജോലി റിക്രൂട്ടര്‍ ആയോ പോലും വേഷംമാറി നിങ്ങളുടെ മുന്നിലെത്തുകയും ചെയ്യും.നിങ്ങള്‍ അവരെ വിശ്വസിക്കുന്നതിലൂടെ കെണി ഒരുങ്ങുകയാണ്, അവര്‍ പറയുന്നതിന്‍ പ്രകാരം നിങ്ങള്‍ വ്യാജ OTP കള്‍ പങ്കിടുകയോ വ്യാജ ലിങ്കുകളില്‍ ക്ലിക് ചെയ്യുകയോ, മാല്‍വെയര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്‌തേക്കാം. ഇതുവഴി നിങ്ങള്‍ തട്ടിപ്പിന് ഇരായക്കപ്പെടുകയും ചെയ്യും.

എങ്ങനെ തട്ടിപ്പിന് ഇരയാകാതിരിക്കാം

തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ കുറച്ച് ലളിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതി.

  • ഡെലിവറി ബോക്‌സ് വലിച്ചെറിയുന്നതിന് മുന്‍പ് അതില്‍ ഒട്ടിച്ചിരിക്കുന്ന ഷിപ്പിംഗ് ലേബല്‍ കീറി കളയാന്‍ മറക്കരുത്.
  • അജ്ഞാത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കുക.
  • ഉറവിടം വ്യക്തമാവാത്ത ടെക്സ്റ്റുകള്‍, ഇമെയില്‍, അല്ലെങ്കില്‍ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഒഴിവാക്കുക (പ്രത്യേകിച്ച് ഡെലിവറികള്‍, റീഫണ്ടുകള്‍ അല്ലെങ്കില്‍ ജോലി ഓഫറുകള്‍ എന്നിവയെക്കുറിച്ചുള്ളവ)
  • സംശയാസ്പദമായി തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. സംശയമെന്ന് തോന്നിയാല്‍ ഔദ്യോഗിക വെബ് സെെറ്റുകള്‍ വഴി വിവരങ്ങള്‍ പരിശോധിക്കുക.
  • സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വ്യക്തിഗത വിവരങ്ങള്‍ കഴിയുന്നത്ര സ്വകാര്യമായി സൂക്ഷിക്കുക.

നിങ്ങളുടെ സ്വകാര്യ ഡാറ്റകള്‍ വളരെ വിലപ്പെട്ടതാണ്. അത് ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ അധികം സമയമെടുക്കില്ല. തട്ടിപ്പുകാരില്‍ നിന്ന് ഒരു പടി മുന്നില്‍ നില്‍ക്കാന്‍ അല്‍പം ജാഗ്രത മതി.

Content Highlights: What is delivery box fraud and how fraudsters use your information against you

dot image
To advertise here,contact us
dot image