
കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിന് അത്ര നല്ല വർഷമല്ല. മോശം സിനിമകളും തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങളും ബോളിവുഡിനെ തെല്ലൊന്നുമല്ല പിന്നോട്ടടിച്ചത്. വിക്കി കൗശൽ നായകനായി എത്തിയ 'ഛാവ' മാത്രമാണ് ഈ വർഷം ഹിന്ദി സിനിമക്ക് ആശ്വാസ വിജയം നൽകിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അജയ് ദേവ്ഗൺ നായകനായി എത്തിയ 'റെയ്ഡ് 2' എന്ന ചിത്രം ബോക്സ് ഓഫീസിൽ കുതിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കളക്ഷനിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രം ഇതിനോടകം 100 കോടി കടന്നെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതിൽ 86 കോടി ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും ബാക്കി 14 കോടി ഓവർസീസ് മാർക്കറ്റിൽ നിന്നുമാണ് സിനിമ നേടിയത്. ആദ്യ ദിനം ചിത്രം 18 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 105.84k ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ചിത്രത്തിന് 200 കോടിയും മറികടക്കാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന റെയ്ഡ് 2 ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Ajay Devgn film Raid 2 crossed 100 crores