
ആർആർആർ, ബാഹുബലി, കൽക്കി എന്നീ ചിത്രങ്ങള്‍ പോലെ തമിഴ് സിനിമയിൽ നിന്നുള്ള ആദ്യത്തെ വലിയ ചുവടുവെപ്പാണ് കങ്കുവ എന്ന് നടൻ സൂര്യ. കങ്കുവയിലൂടെ ഒരു പുതിയ ലോകത്തേക്കാണ് ഞങ്ങൾ കാൽവെപ്പ് നടത്തുന്നത്. മറ്റു ഇൻഡസ്ട്രികളെ പോലെ തമിഴും വലിയ തരത്തിൽ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
'ഇതിന് മുൻപ് ഇത്തരത്തിലൊരു ലോകം തമിഴിൽ ആരും കൊണ്ടുവന്നിട്ടില്ല. മറ്റു ഇൻഡസ്ട്രികളെ പോലെ തമിഴും വലിയ തരത്തിൽ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നു. കങ്കുവ സിനിമയിലെ സംഭവങ്ങളോടും കഥയോടും എനിക്ക് വളരെയധികം റിലേറ്റ് ചെയ്യാനായി. സിനിമയുടെ നരേഷന് മുന്നോടിയായി ഞാൻ കീലടി എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ 1800 വർഷം മുൻപുള്ള ആഭരണങ്ങള്‍ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. പല രാജ്യങ്ങളിലും 500 വർഷം മുൻപുള്ള ചരിത്രം പോലും ലഭ്യമല്ല,' സൂര്യ പറഞ്ഞു.
നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്ക്രീനുകളിലാണ്
സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.
Content Highlights: like RRR, kalki, baahubali kanguva is the next big step for tamil cinema