കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ കങ്കണ?; തനു വെഡ്‌സ് മനു 3 യെക്കുറിച്ച് പുതിയ റിപ്പോർട്ട്

2025 അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന

dot image

തനു വെഡ്‌സ് മനുവിന്റെ മൂന്നാം ഭാഗത്തില്‍ കങ്കണ റണാവത്ത് ട്രിപ്പിൾ റോളിലെത്തുമെന്ന് റിപ്പോർട്ട്. നടിയുടെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളായിരിക്കുമിത്. ചിത്രത്തിന്റെ കഥ ഏകദേശം പൂർത്തിയായതായി പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.

ആനന്ദ് എല്‍ റായി തന്നെയായിരിക്കും മൂന്നാം ഭാഗവും സംവിധാനം ചെയ്യുക. ധനുഷും കൃതി സനോനും മുഖ്യവേഷത്തിലെത്തുന്ന തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഈ സിനിമയ്ക്ക് ശേഷമായിരിക്കും അദ്ദേഹം തനു വെഡ്‌സ് മനു 3 യുടെ വർക്കുകൾ തുടങ്ങുക. 2025 അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

2011 ലായിരുന്നു ആർ മാധവൻ, കങ്കണ റണാവത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി തനു വെഡ്‌സ് മനു ഒരുക്കിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്കും ചെയ്തിരുന്നു.

പിന്നാലെ 2015 ൽ തനു വെഡ്‌സ് മനു റിട്ടേൺസ് എന്ന പേരിൽ സിനിമയുടെ സീക്വലും റിലീസ് ചെയ്തു. ചിത്രത്തിൽ കങ്കണ ഇരട്ടവേഷങ്ങളിലായിരുന്നു എത്തിയത്. തിയേറ്ററുകളിൽ നിന്ന് 255 കോടിയിലധികം രൂപ നേടിയ ഈ സിനിമയിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

Content Highlights: Reports That Kangana Ranaut To Play Triple Roles in Tanu Weds Manu 3

dot image
To advertise here,contact us
dot image