
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നു. ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് സുപ്രധാന പ്രവര്‍ത്തനാനുമതി ലഭിച്ചത്. യൂട്ടെല്‍സാറ്റ് വണ്‍വെബിനും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിനും ശേഷം രാജ്യത്ത് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാര്‍ലിങ്ക് ഇതിനോടകം തന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ സജീവമാണ്. ഈ വിപണികളിലെ അതിന്റെ വില പരിശോധിക്കുമ്പോള്‍, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം താരതമ്യേന ചെലവേറിയതായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്രയും വില നല്‍കി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തുമോ എന്നതാണ് മറ്റൊരു ചോദ്യം.
ഇന്ത്യയില്‍ സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും സ്റ്റാര്‍ലിങ്ക് ഒരു മാസത്തെ സൗജന്യ ഉപയോഗം വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്റ്റാര്‍ലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് മെയ്മാസത്തില്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യന്‍ രൂപ അനുസരിച്ച് 3000 മുതല്‍ 3150 രൂപ വരെയാണ്. കൂടാതെ അണ്‍ലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് കുറഞ്ഞ ഉപയോഗമുള്ള ചെറിയ വീടുകള്‍ക്ക് അനുയോജ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് റെസിഡന്‍ഷ്യല്‍ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതല്‍ 4,500 വരെയാണ് വില വരിക. സാധാരണ ഗാര്‍ഹിക ഉപയോഗത്തിന് പരിധിയില്ലാത്ത ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ഇതിന് പുറമേ കണക്ഷന്‍ സ്ഥാപിക്കുന്നതിന് ഹാര്‍ഡ്വെയര്‍ ചെലവ് ഇനത്തില്‍ 33,000 മുതല്‍ 39,000 രൂപ വരെ ഒറ്റത്തവണയായി ബംഗ്ലാദേശിലെ ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്. ഈ ചെലവുകളുമായി താരമ്യപ്പെടുത്തമ്പോള്‍ വയേഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ചെലവേറിയതാണ്. ഇന്ത്യയില്‍, മിക്ക ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഏകദേശം 1,000 രൂപയാണ് ഒറ്റത്തവണ ഇന്‍സ്റ്റാലേഷന്‍ ഫീസ് ആയി ഈടാക്കുന്നത്, പ്രതിമാസ ചാര്‍ജുകള്‍ 699 മുതല്‍ 999 രൂപ വരെയാണ്. ഇതിന് പുറമേ പരിധിയില്ലാത്ത അതിവേഗ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാര്‍ലിങ്ക് 50 മുതല്‍ 200 mbps വരെയുള്ള ബ്രോഡ്ബാന്‍ഡ് വേഗത വാഗ്ദാനം ചെയ്യുന്നു.
ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാതെയാണ് ഈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 50 മുതല്‍ 60 എംബി വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ പരമാവധി വേഗത. എന്നാല്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കില്‍ ഇത് 250 മുതല്‍ 350 എംബി വരെ വേഗതയില്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിന് പുറമെ കാലവസ്ഥാവ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന ടവര്‍ പ്രശ്നങ്ങള്‍ ഇല്ലാതെ തടസമില്ലാത്ത സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാനും സാറ്റ്കോം സേവനങ്ങളിലൂടെ സാധിക്കും. സാറ്റലൈറ്റ് സേവനങ്ങളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തടയുന്നതിനായി നിലവിലെ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകളില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഇന്ത്യയിലെ നിലവിലെ സേവനദാതാക്കള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏറ്റവും ചെലവ് കുറഞ്ഞ് ലഭ്യമാക്കിയിട്ടുളളത് സാംബിയയിലാണ്. സേവനം ലഭിക്കുന്ന ഏറ്റവും ചെലവേറിയ രാജ്യം യു.എസാണ്. ഏഷ്യയില്‍, മംഗോളിയ, ജപ്പാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, ജോര്‍ദാന്‍, യെമന്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലാണ് സ്റ്റാര്‍ലിങ്ക് കൂടുതലും പ്രചാരത്തിലുളളത്.
എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ?
നിലവില്‍ മൊബൈല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബറുകളും വഴി ലഭ്യമായികൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന് പറയുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 2021 മുതല്‍ തന്നെ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിവിധ എതിര്‍പ്പുകളെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല. നിലവില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ 6,419 ഉപഗ്രഹങ്ങളും 100 രാജ്യങ്ങളിലായി നാല് ദശലക്ഷം വരിക്കാരുമുണ്ട്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാറ്റലൈറ്റ് ബിസിനസ് കൊണ്ടുവന്നാലുള്ള സാധ്യതകള്‍ മസ്‌ക് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എണ്‍പത് ശതമാനവും റിലയന്‍സിന്റെ ജിയോയും സുനില്‍ മീത്തലിന്റെ ഭാരതി എയര്‍ടെലുമാണ് കൈവശം വച്ചിരിക്കുന്നത്.
Content Highlights: how much starlink will charge indian user