
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു എന്ന വാര്‍ത്തയില്‍ വ്യക്ത വരുത്തി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്. മഴ മുന്നറിയിപ്പിനെ തുടര്‍ന്നുള്ള അവധി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് മാത്രമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്കൂളുകള്‍ക്ക് നാളെ അവധിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചതാണ് ജില്ലയില്‍ എല്ലാ സ്കൂളുകള്‍ക്കും അവധി എന്ന രീതിയില്‍ പ്രചരിച്ചതെന്ന് കളക്ടര്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.
ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്കൂള്‍ അവധി സംബന്ധിച്ച് വ്യക്തത
തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്കൂളുകളില്‍ നാളെ (ജൂണ്‍ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചതാണ് ജില്ലയില്‍ എല്ലാ സ്കൂളുകള്‍ക്കും അവധി എന്ന രീതിയില്‍ പ്രചരിച്ചത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കി. വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നാണ് നിര്‍ദേശം. പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി റവന്യൂ പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights- Thrissur district collector facebook post about school holiday over rain alert