
ടെഹ്‌റാന്‍: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മജീദ് മൊസയേദി എന്നയാളെയാണ് തൂക്കിക്കൊന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് വിവരം.
ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും കോടതി നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന്‍ സുപ്രീംകോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൂക്കിലേറ്റിയത്.
പേര്‍ഷ്യന്‍ ഗള്‍ഫ് തീരദേശ രാജ്യങ്ങളിലൊന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് എന്ന മൊസാദ് ഏജന്റുമായി മജീദ് ബന്ധം പുലര്‍ത്തിയിരുന്നതായി ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ കൈമാറി. ഇതിന് പ്രതിഫലമായി ക്രിപ്‌റ്റോ കറന്‍സി ഇയാള്‍ക്ക് ലഭിച്ചിരുന്നതായും ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ട ജൂണ്‍ പതിമൂന്നിന് ശേഷം ചാരവൃത്തിയുടെ പേരില്‍ നിരവധി പേരാണ് ഇറാനില്‍ അറസ്റ്റിലായത്. ഇറാനിലെ ക്വോം പ്രവിശ്യയില്‍ 22 ഓളം പേര്‍ ഇത്തരത്തില്‍ അറസ്റ്റിലായി. ചാരവൃത്തി സംബന്ധിച്ച കേസുകളില്‍ അതിവേഗം വിധി പ്രസ്താവിക്കണമെന്ന് ഇറാന്‍ ജൂഡീഷ്യറി മേധാവി ഗുലൈം ഹുസൈന്‍ മുഹ്‌സനി കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights- Iran hangs man convicted of Israel spying