
കൊച്ചു കുട്ടികളില്‍ മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവജാത ശിശുക്കള്‍ മുതല്‍ സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ വരെയാണ് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിലെ ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പല്ലുവേദനയോ, ജലദോഷമോ പോലുള്ള സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങളായിരിക്കാം. അതുകൊണ്ട് തന്നെ രോഗം മൂര്ച്ഛിക്കുമ്പോളാണ് പലപ്പോഴും മൂത്രാശയ അണുബാധ തിരിച്ചറിയുന്നത്.
എന്താണ് മൂത്രാശയ അണുബാധ
വൃക്ക, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങി മൂത്രവ്യവസ്ഥയുടെ ഏത് ഭാഗത്തും ഉണ്ടാകുന്ന അണുബാധയാണ് മൂത്രാശയ അണുബാധ (യുടിഐ). മൂത്രനാളത്തിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകളോ, അണുക്കളോ ആണ് പ്രധാനമായും മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്. കുട്ടികളില്‍ ശുചിത്വക്കുറവ്, കൂടുതല്‍ സമയം മൂത്രം പിടിച്ച് വയ്ക്കുക, അല്ലെങ്കില്‍ മൂത്രനാളത്തിലെ ഘടനാപരമായ പ്രശ്നങ്ങള്‍ എന്നിവയാണ് സാധാരണമായി അണുബാധയ്ക്ക് കാരണമാകുന്നത്.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് കണ്ടുവരുന്ന ലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. വളരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ അസ്വസ്ഥതകള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. എന്നാല്‍, മുതിര്‍ന്ന കുട്ടികള്‍ നാണക്കേടോ ചമ്മലോ കൊണ്ട് പലപ്പോഴും പറയാറില്ല. ചില സാഹചര്യങ്ങളില്‍ ഇത് മൂലം രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.
സ്കൂള്‍ കുട്ടികളില്‍ കൂടുതലായും മൂത്രമൊഴിക്കുമ്പോള്‍ വയറുവേദന, ഇടയ്ക്കെയുള്ള മൂത്രശങ്ക, പുറം വേദന, ക്ഷീണം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്.
എങ്ങനെ നേരിടാം
കുഞ്ഞുങ്ങളിലെ മൂത്രാശയ അണുബാധ കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വൃക്ക തകരാറിന് കാരണമായേക്കാം. രോഗ സംശയം ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടണം. കൃത്യമായി വെള്ളം കുടിക്കാനും ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാനും അതിന് ശേഷം സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാനും കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ തന്നെ പരിശീലിപ്പിക്കണം.
രോഗം സ്ഥിരീകരിക്കുന്നതിനായും ഏത് ബാക്ടീരിയ ആണ് രോഗത്തിന് കാരണമെന്നും കണ്ടെത്തണം. ഇതിനായി മൂത്രം ടെസ്റ്റ് ചെയ്യണം. മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന അണുബാധ 3 - 5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. എന്നാൽ വൃക്കയുമായി ബന്ധപ്പെട്ട അണുബാധ 2 മുതൽ 4 ആഴ്ചവരെ ചികിത്സിക്കേണ്ടി വരും.
Content Highlight; Rise in Urinary Tract Infections Among School-Aged Children