ജലനിരപ്പ് ഉയരുന്നു: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ തുറക്കുമെന്ന് തമിഴ്‌നാട്

പെരിയാര്‍ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു

dot image

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ (ഞായറാഴ്ച്ച) രാവിലെ തുറക്കും. രാവിലെ പത്തുമണിയോടെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി ആയിരം ഘനയടി വെളളമാണ് തുറന്നുവിടുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുളള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിട്ടില്ല. ഇന്ന് രാത്രി പത്തുമണിയോടെ 136 അടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുളളത് എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുളള വെളളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാംപുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് ക്യാംപുകളിലേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Content Highlights: Mullaperiyar dam shutter to be open tomorrow says tamilnadu

dot image
To advertise here,contact us
dot image