റീല്‍സെടുക്കുന്നതിനിടെ ജീപ്പ് കാരാപ്പുഴ ഡാമില്‍ വീണു; വണ്ടിയുടെ ആര്‍ സി ക്യാന്‍സല്‍ ചെയ്യും, കേസെടുത്തു

വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇടത്തേക്കാണ് യുവാക്കള്‍ റീല്‍സെടുക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്.

dot image

ബത്തേരി: റീല്‍സെടുക്കവേ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയറിലേക്ക് ജീപ്പ് വീണ സംഭവത്തില്‍ നടപടികള്‍ കര്‍ശനമാക്കി പൊലീസ്. ജീപ്പ് പിടിച്ചെടുത്തതിന് പുറമേ വാഹനവുമായെത്തിയ അഞ്ച് പേര്‍ക്കെതിരെ അമ്പലവയല്‍ പൊലീസ് കേസെടുത്തു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്രാക്ടര്‍ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാല്‍ വ്യൂപോയിന്റില്‍ തന്നെയാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

റീല്‍സെടുക്കുന്നതിനായി ഡാമിന് അടുത്തേക്കെത്തിയ യുവാക്കള്‍ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തില്‍ മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹില്‍, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ക്ക് ആണ് പ്രതികള്‍ക്കെതിരെ എടുത്തിട്ടുള്ളത്.

വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇടത്തേക്കാണ് യുവാക്കള്‍ റീല്‍സെടുക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്. ജീപ്പ് മുങ്ങിപ്പോകാന്‍ പാകത്തില്‍ വെള്ളം ഉള്ള സ്ഥലത്തേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിന്റെ ആര്‍ സി ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Jeep falls into Karapuzha dam while filming

dot image
To advertise here,contact us
dot image