
തിരുവനന്തപുരം: പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതിയെ പൊലീസ് പിടികൂടിയത് പുതിയ വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ. ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്തിരുന്നു. മെയ് 29-നാണ് ഇതിൽ നിന്നും ആദ്യം ഫോൺ കോൾ വന്നു. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകൾ യൂണിവേഴ്സിറ്റിയിൽ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുടന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നൽകുകയായിരുന്നു. പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു.
വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിൻറെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടർന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിലുണ്ടായിരുന്നു. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സി ഐ അജീഷ്, എസ് ഐ വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേർന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാൻ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിലാണ് 12 വിവാഹങ്ങൾ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തിയത്. ഇതിൽ ഒരുവിവാഹത്തിൽ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങൾ കഴിക്കാറുള്ളത്. വരനെക്കൊണ്ട് വിവാഹത്തിന് മുൻപുതന്നെ സ്വർണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതീയിരുന്നു ഇവരുടെ രീതി. തുടർന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. യുവതി നിരവധിപേരെ ഇത്തരത്തിൽ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Content Highlights:35 year old woman was arrested for allegedly marrying 12 men