
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം ഡാന്‍സാഫ് സംഘം പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ അരുണ്‍ പ്രകാശ് ആണ് പത്ത് കിലോയിലധികം കഞ്ചാവുമായി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇരുചക്രവാഹനത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് ട്രാവല്‍ ബാഗുകളില്‍ നിറയെ കഞ്ചാവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം ഇന്ന് രാവിലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. അരുണ്‍ പ്രകാശ് ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അരുണ്‍ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസില്‍പ്പെട്ട് നാലര വര്‍ഷത്തോളം ആന്ധ്രപ്രദേശിലെ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു. ബാലരാമപുരത്ത് 10 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലാണ് പിടിയിലായത്. ഈ കേസില്‍ 60 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ഓപ്പറേഷന് ഡീ ഹണ്ടിന്റെ ഭാഗമായി നടക്കുന്ന കര്‍ശന പരിശോധനയിലാണ് പ്രതി പിടിയിലായത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി സുദര്ശന് ഐപിഎസിന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ് സംഘമാണ് അറുണിനെ പിടികൂടിയത്. പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി.
Content Highlights: DANSAF team arrests man who tried to smuggle 10 kg of cannabis in two travel bagsContent Highlights: