
വ്യോമയാന മേഖലയില്‍ ഇതെന്താണ് സംഭവിക്കുന്നത്? ഹനോയ് വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയ്യാറെടുക്കുന്ന ഒരു വിമാനം പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വിമാനത്തില്‍ ചെന്നിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നോയ് ബായ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ഹോ ചി മിന് സിറ്റിയിലേക്ക് പുറപ്പെടുകയായിരുന്ന ബോയിങ് 787 ആണ് ഡിയന് ബിയെനിലേക്ക് പോകുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന എയര്‍ബസുമായി കൂട്ടിയിടിക്കുന്നത്.ബോയിങ്ങിന്റെ വലതുചിറക് എയര്‍ബസിന്റെ ടെയ്ല് ഫിന് മുറിച്ച് മുന്നോട്ട് നീങ്ങുന്നത് വീഡിയോയില്‍ കാണാം. ബോയിങ്ങിന് അകത്തുനിന്ന് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ടുവിമാനങ്ങളിലെ യാത്രക്കാരെയും തിരിച്ചിറക്കി. പിന്നീട് വേറെ വിമാനങ്ങളെത്തിച്ചാണ് ഇവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എയര്‍ബസ് കൃത്യമായി പാര്‍ക്ക് ചെയ്തിരുന്നില്ലെന്നും അപകടത്തിലേക്ക് നയിച്ചത് അതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ടു വിമാനങ്ങളിലെ 4 പൈലറ്റുമാരെയും വിയറ്റ്നാം എയര്‍ലൈന്‍ സസ്പെന്‍ഡ് ചെയ്തു. അന്വേഷണം നടന്നുവരികയാണ്. സ്വതന്ത്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ചതായാണ് വിവരം.
Two Vietnam Airlines jets collided on a taxiway at Hanoi’s Noi Bai Airport Friday 27Jun. No injuries reported. Investigation underway. pic.twitter.com/yxrkcmhzjJ
— Fahad Naim (@Fahadnaimb) June 27, 2025
അഹമ്മദാബാദ് അപകടത്തിന് തൊട്ടുപിന്നാലെയായതിനാല് വീഡിയോ വലിയതോതില്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ്. പലരും ഇരുവിമാനങ്ങളിലെയും പൈലറ്റുമാരെ വിമര്‍ശിച്ച് രംഗത്തുവന്നു. ഉത്തരവാദിത്തമില്ലാതെയാണ് എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പലരും വിമര്‍ശിച്ചു. വളരെ സുരക്ഷിതമായ യാത്രയായിരുന്നു ഒരുകാലത്ത് വിമാനയാത്രയെങ്കില്‍ ഇപ്പോള്‍ ഭയത്തോടെയല്ലാതെ യാത്ര പുറപ്പെടാനാകില്ലെന്നും ചിലര്‍ പറയുന്നു.
Content Highlights: Vietnam Airlines’ Boeing jet collides with parked Airbus on runway, slices through tail fin