'നശിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ നടക്കില്ല, എനിക്കൊപ്പം ഇവരുണ്ട്': ധനുഷ്

'കിംവദന്തികൾ പ്രചരിപ്പിച്ച് എന്നെ നശിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മണ്ടത്തരം വേറെയില്ല'

dot image

തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്ക് മറുപടിയുമായി ധനുഷ്. എത്ര നെഗറ്റിവിറ്റി പ്രചരിപ്പിച്ചാലും തന്നെ നശിപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ലെന്നും തനിക്ക് പിന്തുണയുമായി ആരാധകർ ഉണ്ടെന്നും നടൻ പറഞ്ഞു. കുബേര സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു ആരാധകരെ കയ്യിലെടുത്ത ധനുഷിന്റെ പ്രസംഗം. വീഡിയോ വൈറലായതിൽ പിന്നെ ധനുഷ് ഉന്നം വെച്ചത് നയൻതാരയെ ആണ് എന്നും സോഷ്യൽ മീഡിയയിൽ സംസാരം ഉണ്ട്. നയൻതാരയുടെ ഡോക്യുമെന്ററിയെ തുടർന്ന് ഇരുവർക്കും ഇടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിലെ ധനുഷിന്റെ പ്രതികരണമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

തന്റെ ഓരോ സിനിമ പുറത്തിറങ്ങുന്നതിന് മുൻപും തനിക്കെതിരെ ശക്തമായ നെ​ഗറ്റീവ് പ്രചാരണം നടക്കാറുണ്ടെന്നും എത്ര കിംവദന്തികൾ പ്രചരിപ്പിച്ചാലും ആരാധകർ തന്നെ പിന്തുണയ്ക്കുന്നിടത്തോളം തനിക്ക് കോട്ടം തട്ടിലെന്നും വേദിയിൽ ധനുഷ് പറഞ്ഞു. ജീവിതത്തിൽ സമാധാനത്തിനും സന്തോഷത്തിനും അപ്പുറം മറ്റൊന്നുമില്ല എന്നും നടൻ കൂട്ടിച്ചേർത്തു.

'എന്റെ ഓരോ സിനിമ പുറത്തിറങ്ങുന്നതിനും ഏതാണ്ട് ഒന്നര മാസം മുൻപ് എനിക്കെതിരെ ശക്തമായ നെ​ഗറ്റീവ് പ്രചാരണം നടക്കാറുണ്ട്. പക്ഷേ 23 വർഷമായി എനിക്കൊപ്പം തൂണുപോലെ നിലകൊള്ളുന്ന ആരാധകരുള്ളിടത്തോളം കാലം അവർക്ക് ഒന്നും ചെയ്യാനാവില്ല. എത്ര കിംവദന്തികൾ വേണമെങ്കിലും പ്രചരിപ്പിക്കാം. എന്നെക്കുറിച്ച് എന്ത് മോശം വാർത്തകളും പ്രചരിപ്പിക്കാം. പക്ഷേ കിംവദന്തികൾ പ്രചരിപ്പിച്ച് നശിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മണ്ടത്തരം വേറെയില്ല.

നിങ്ങൾ ആരായിരുന്നാലും, എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. നിങ്ങൾക്ക് വരേണ്ടത് നിങ്ങൾക്കുതന്നെ വരും. അത് നിങ്ങളിൽനിന്ന് ആർക്കും തട്ടിപ്പറിക്കാൻ കഴിയില്ല. സന്തോഷമായിരിക്കുക. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്. അത് നിങ്ങളുടെ ഉള്ളിലാണ്. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു.

ഇന്ന് ഞാൻ നല്ല നിലയിലാണ്. പക്ഷേ, ഏത് അവസ്ഥയിലായിരുന്നാലും ഞാൻ സന്തോഷവാനാണ്. കാരണം ഞാൻ ഒരിക്കലും പുറത്ത് സന്തോഷം തേടിയിട്ടില്ല. ഞാൻ എന്നിലെ സന്തോഷമാണ് തേടിയത്. ജീവിതത്തിൽ സമാധാനത്തിനും സന്തോഷത്തിനും അപ്പുറം മറ്റൊന്നുമില്ല. ഇത്രയധികം വർഷങ്ങളായി എന്റെ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടും, എന്റെ ഈ യാത്രയിലുടനീളം നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ ഭാഗ്യവാനും നന്ദിയുള്ളവനുമാണ്', ധനുഷ് പറഞ്ഞു.

Content Highlights: Dhanush responds to negative propaganda against him

dot image
To advertise here,contact us
dot image