
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന 'വാർ 2' എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. വൈആർഎഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യഭാഗം പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും വാർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ഹൃത്വിക്, ജൂനിയർ എൻടിആർ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്.
ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: War 2 movie teaser out