ചരിത്രം കുറിച്ച് കേശവ് മഹാരാജ്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ സ്പിന്നർ

59-ാം ടെസ്റ്റ് മത്സരത്തിലാണ് മഹാരാജിന്റെ നേട്ടം

dot image

സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറായിരിക്കുകയാണ് താരം. സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ മഹാരാജിന്റെ ആകെ വിക്കറ്റ് നേട്ടം 202 ആയി. 59-ാം ടെസ്റ്റ് മത്സരത്തിലാണ് മഹാരാജിന്റെ നേട്ടം.

അതിനിടെ സിംബാബ്‍വെയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ 216 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആദ്യ ഇന്നിങ്സിൽ സിംബാബ്‍വെ 251 റൺസിൽ എല്ലാവരും പുറത്തായിരുന്നു. സ്കോർ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ ഒമ്പതിന് 418 ഡിക്ലയർഡ്, സിംബാബ്‍വെ ആദ്യ ഇന്നിങ്സിൽ 251. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 49.

ആദ്യ ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെയ്ക്കായി സെഞ്ച്വറി നേടിയ സീൻ വില്യംസ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 164 പന്തിൽ 16 ഫോറുകൾ ഉൾപ്പെടെ 137 റൺസ് നേടിയ വില്യംസിന്റെ ബാറ്റിങ് സിംബാബ്‍വെ സ്കോർ 200 കടത്തി. 36 റൺസെടുത്ത ക്യാപ്റ്റൻ ക്രെയ്​ഗ് എർവിനാണ് സിംബാബ്‍വെ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ വിയാൻ മൾഡർ നാല് വിക്കറ്റുകൾ വീഴ്ത്തി. കോഡി യൂസഫ്, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റൺസെടുത്ത മാത്യൂ ബ്രിത്സകെയുടെ വിക്കറ്റാണ് നഷ്ടമായത്. 22 റൺസോടെ ടോണി ഡി സോർസിയും 25 റൺസോടെ വിയാൻ മൾഡറും ക്രീസിലുണ്ട്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ലുയാൻ-ഡ്രെ പ്രിട്ടോറിയസിന്റെയും കോർബിൻ ബോഷിന്റെയും സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ലുയാൻ ഡ്രെ പ്രിട്ടോറിയസ് 160 പന്തിൽ 11 ഫോറും നാല് സിക്സറും സഹിതം 153 റൺസെടുത്തു. എട്ടാം നമ്പറിലെത്തി 214 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ കോർബിൻ ബോഷ് പുറത്താകാതെ നിന്നു. 51 റൺസെ‍ടുത്ത് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഡെവാൾഡ് ബ്രവിസും നിർണായക സംഭാവനകൾ നൽ​കി.

Content Highlights: Keshav Maharaj became the first spinner from South Africa to take 200 Test wickets

dot image
To advertise here,contact us
dot image