'ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ, ഐമാക്‌സിൽ തന്നെ കാണണം', ഇന്ത്യയിലും കളക്ഷൻ വാരി ഹോളിവുഡ് ചിത്രം 'F1'

ഗംഭീര കളക്ഷനും അഭിപ്രായങ്ങളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്

dot image

ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് 'എഫ് 1'. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ഗംഭീര കളക്ഷനും അഭിപ്രായങ്ങളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലും സിനിമ വലിയ കുതിപ്പാണുണ്ടാക്കുന്നത്.

രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും 12.50 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ആദ്യ ദിനം 5.25 കോടി നേടിയ സിനിമ രണ്ടാം ദിനം 7.25 കോടി രൂപ നേടി. ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷനും കൂടി ചേർക്കുമ്പോൾ 20 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. കേരളത്തിലും സിനിമ നല്ല നേട്ടമുണ്ടാക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് 1.24 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒപ്പം ഐമാക്സ് സ്‌ക്രീനിൽ കാണേണ്ട സിനിമാറ്റിക് വിസ്മയം എന്നും അഭിപ്രായങ്ങൾ ഉണ്ട്. പ്രേക്ഷകർ ഐമാക്സ് സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

64.50 മില്യൺ യുഎസ് ഡോളറാണ് സിനിമയുടെ ആദ്യ ദിവസത്തെ ആഗോള കളക്ഷൻ. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രം വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്. രണ്ടാം ആഴ്ചയിലും ഐമാക്സ് സ്ക്രീനുകൾ സിനിമയ്ക്ക് നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: Brad Pitt film F1 opens big at Indian box office

dot image
To advertise here,contact us
dot image