
പുതിയ കാലത്ത് നിരവധി പേരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നും തൊഴിലുമാണ് ഗെയിം സ്ട്രീമിങ്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഗെയിം സ്ട്രീം ചെയ്യുന്നവർക്ക് പ്രതിഫലവും ലഭിക്കാറുണ്ട്. സമീപകാലത്ത് മലയാളി ഗെയിം സ്ട്രീമറായ തൊപ്പി എന്ന നിഹാൽ അടക്കമുള്ളവർ ഭാഗമായ ഒരു ഗെയിമിങ് പ്ലാറ്റ്ഫോം ഉണ്ട്, റൂട്ടർ. ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിം സ്ട്രീമിങ് , ഇ- സ്പോർട്സ് പ്ലാറ്റ്ഫോം കൂടിയാണിത്. എന്താണ് റൂട്ടർ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം എന്നും ഇത് പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും എങ്ങനെയാണ് ഇതിൽ നിന്ന് വരുമാനം ലഭിക്കുന്നതെന്നും നോക്കാം.
2016 ൽ ഇന്ത്യക്കാരായ ദിപേഷ് അഗർവാളും പിയൂഷ് കുമാറും ഒരു സ്റ്റാർട്ട്അപ്പ് ആയിട്ടാണ് റൂട്ടർ എന്ന പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. തത്സമയ പ്രവചന ഗെയിമുകൾ, മാച്ച് ചാറ്റ് ഫോറങ്ങൾ, ക്വിസുകൾ, ട്രിവിയ, ഗെയിം അപ്ഡേറ്റുകൾ എന്നിവയിലൂടെയും കായിക പ്രേമികളെ ആകർഷിക്കുന്ന ഒരു പ്ലാറ്റ്ഫോമിലൂടെ ഒരു ഗെയിം കമ്മ്യൂണിറ്റി ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു പ്ലാറ്റ്ഫോമിന്റെ ഉദ്ദേശം.
തുടർന്ന് 2018 ൽ അഡിഡാസിന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് സംരംഭകത്വ പ്ലാറ്റ്ഫോമായ ലീഡ് സ്പോർട്സ് ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് റൂട്ടർ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പ്രതിവർഷം 2 ലക്ഷം ഉപഭോക്താക്കൾ എന്നതിൽ നിന്ന് കമ്പനിക്ക് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് ലൈവ് ഓഡിയോ, വീഡിയോ കണ്ടന്റുകൾ റൂട്ടർ ആരംഭിക്കുകയും ഒരു മാസം 5 ലക്ഷം ഉപഭോക്താക്കൾ വരെ റൂട്ടറിൽ എത്തുകയും ചെയ്തു.
എന്നാൽ കൊവിഡ് കാലത്ത് സ്പോർട്സ് ഇവന്റുകൾ ഒന്നും ഇല്ലാതായതോടെ കമ്പനിയുടെ പ്രവർത്തനം തന്നെ അവതാളത്തിലാണ്. തുടർന്നാണ് റൂട്ടർ ഒരു ഗെയിം, ഇ-സ്പോർട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി രൂപാന്തരപ്പെട്ടത്. ഇതോടെ കമ്പനി കുതിച്ചു കയറുകയായിരുന്നു. 2020 മാർച്ചിൽ 10 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്ന കമ്പനി രണ്ട് വർഷം കൊണ്ട് 9.5 ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി. 2020 ൽ ഏതാനും ലക്ഷങ്ങൾ മാത്രമായിരുന്നു കമ്പനിയുടെ വരുമാനമെങ്കിൽ 2022 ൽ അത് 12 കോടിയായി വളർന്നു.
റൂട്ടറിൽ എങ്ങനെ അക്കൗണ്ട് തുടങ്ങാം ?
റൂട്ടർ അപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഫോൺനമ്പർ നൽകി രജിസ്റ്റർ ചെയ്യാൻ സാധിക്കും. യഥാർത്ഥ പേര് നൽകിയിട്ടില്ലെങ്കിലും പ്രായമടക്കമുള്ള കാര്യങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകരുത്. സൈൻ അപ്പ് ചെയ്യുമ്പോൾ 'Gaming' ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഈ ഓപ്ഷൻ ഉണ്ടെങ്കിൽ മാത്രമാണ് ഗെയിം സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു.
റൂട്ടർ ഗെയിമിങ് സ്ട്രീമർമാർക്ക് വരുമാനം നേടാനായി വിവിധ മാർഗങ്ങളാണ് ഉള്ളത്.
പ്ലാറ്റ്ഫോമിലൂടെ ഗെയിമുകൾ ലൈവ് സ്ട്രീം ചെയ്യാൻ പറ്റും. ഈ സ്ട്രീമുകൾക്ക് 50 മണിക്കൂറുകൾ കാഴ്ച്ചക്കാരെ ലഭിച്ചാലാണ് പ്ലാറ്റ്ഫോമിൽ നിന്ന് വരുമാനം ലഭിച്ച് തുടങ്ങുക. കാഴ്ചക്കാരുടെ എണ്ണത്തെയും, സ്ട്രീമുമായി അവർ എത്രത്തോളം ഇടപഴകുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും വരുമാനം നിശ്ചയിക്കുന്നത്. ഏത് മൾട്ടിപ്ലെയർ ഗെയിമും പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യാം. സ്ട്രീം ചെയ്യുമ്പോൾ കമന്ററിയും ചർച്ചകളും നടത്തുന്നത് കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കാൻ സഹായിക്കും. 8 മണിക്കൂറിൽ താഴെയുളള സ്ട്രീമുകൾക്കാണ് പണം ലഭിക്കുക. ആഴ്ചയിൽ പരമാവധി 4000 രൂപ വരെയായിരിക്കും പിൻവലിക്കാൻ സാധിക്കുകയെന്നാണ് റൂട്ടറിന്റെ വെബ്സൈറ്റ് പറയുന്നത്.
റൂട്ടറിലൂടെ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റാഫോമുകളിലേക്കും ഗെയിമുകൾ ഒരേസമയം സ്ട്രീം ചെയ്യാൻ സാധിക്കും. ഇതിൽ നിന്നും നിങ്ങൾക്ക് വരുമാനം ലഭിക്കും.
കാഴ്ച്ചക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട സ്ട്രീമർമാർക്ക് ഡയമണ്ടുകൾ ഉപയോഗിച്ച് സ്റ്റിക്കറുകൾ സമ്മാനമായി നൽകാം. ഈ ഡയമണ്ടുകൾക്ക് പണം നൽകേണ്ടി വരും. ഇത് സ്ട്രീമർമാർക്ക് വരുമാനമാർഗ്ഗമാണ്. നിലവിൽ ഡയമണ്ടുകൾ നേരിട്ട് പണമാക്കി മാറ്റാൻ സാധിക്കില്ലെങ്കിലും, സ്ട്രീമർമാർക്ക് ഇതിലൂടെ മറ്റ് പല ആനുകൂല്യങ്ങളും നേടാൻ സഹായിക്കും.
പ്രമുഖ സ്ട്രീമർമാർക്ക് വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്പോൺസർഷിപ്പുകളും പരസ്യങ്ങളും ലഭിക്കാറുണ്ട്. ഇതും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്.
കാഴ്ചക്കാർക്ക് സ്ട്രീമിംഗ് സമയത്ത് പണം നൽകി സ്ട്രീമറുടെ ശ്രദ്ധ ആകർഷിക്കാൻ സൂപ്പർ ചാറ്റുകൾ ഉപയോഗിക്കാം. യൂട്യൂബിനെ അപേക്ഷിച്ച് റൂട്ടർ സൂപ്പർ ചാറ്റ് വരുമാനത്തിന്റെ 90% വരെസ്ട്രീമർമാർക്ക് നൽകാറുണ്ട്.
റൂട്ടർ ചില പ്രത്യേക വരുമാന മോഡലുകൾ അവതരിപ്പിക്കാറുണ്ട്. നിങ്ങൾ ഈ മോഡലുകളിൽ ഏതെങ്കിലും ഒന്നിന് യോഗ്യനാണെങ്കിൽ, ടീം നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ ബന്ധപ്പെടും. ഇതിലൂടെ ആഴ്ചതോറും പേയ്മെന്റ് ലഭിക്കും.
Content Highlights: What is the router platform where stream games? How to earn money