എൻജിഒ യൂണിയൻ സമ്മേളനം: 'എന്നെ ക്ഷണിക്കാന്‍ തോന്നിയില്ല, എന്ത് ചെയ്യാനാകും'; അതൃപ്തി പരസ്യമാക്കി സജി ചെറിയാൻ

യൂണിയന്റെ 62-ാമത് സംസ്ഥാന സമ്മേളനം നാളെയാണ് ആലപ്പുഴയില്‍ ആരംഭിക്കുന്നത്

dot image

ആലപ്പുഴ: എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ മന്ത്രി സജി ചെറിയാന് അതൃപ്തി. തൻ്റെ പേര് യൂണിയന്‍ ഉള്‍പ്പെടുത്താത്തതില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സജി ചെറിയാന്‍ ചോദിച്ചു. ക്ഷണിക്കാന്‍ തോന്നാത്തതിന് മറുപടി പറയേണ്ടത് എൻജിഒ യൂണിയന്‍ ആണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'എന്റെ പേര് കണ്ടില്ലെങ്കില്‍ എനിക്കെന്ത് ചെയ്യാനാകും. അത് അവരല്ലേ പറയേണ്ടത്. അവര്‍ക്ക് എന്നെ ക്ഷണിക്കാന്‍ തോന്നിയില്ല. ക്ഷണിച്ചില്ല. അതില്‍ എനിക്കെന്ത് ചെയ്യാനാകും. ക്ഷണിച്ചവര്‍ പങ്കെടുക്കട്ടെ. അതിര്‍ തര്‍ക്കത്തിന്റെ വിഷയമില്ല', എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. നാളെ മുതല്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിലോ തുടര്‍ന്നുള്ള പരിപാടികളിലോ മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ജില്ലയില്‍ നിന്നുള്ള മന്ത്രിയെ ഒഴിവാക്കിയതില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

യൂണിയന്റെ 62-ാമത് സംസ്ഥാന സമ്മേളനം നാളെയാണ് ആലപ്പുഴയില്‍ ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എന്നാല്‍ സജി ചെറിയാനെ ഒഴിവാക്കിയതല്ലെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ വിശദീകരണം. ഇത്തരം സമ്മേളനങ്ങളില്‍ എല്ലാ നേതാക്കളെയും വിളിക്കേണ്ടതില്ലെന്ന് എന്‍ജിഒ യൂണിയന്‍ പ്രതികരിച്ചു.

Content Highlights: NGO Union Not invited Minister saji cheriyan to Conference

dot image
To advertise here,contact us
dot image