'വിജയപരാജയങ്ങളുടെ സീസൺ, പഠിച്ചത് ഒരുപാട് കാര്യങ്ങൾ'; പ്രതികരണവുമായി റിഷഭ് പന്ത്

'ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ സ്നേഹത്തിനും പിന്തുണയ്ക്കും ഏറെ നന്ദി'

dot image

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ അവസാന മത്സരവും കഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി റിഷഭ് പന്ത്. ഇതൊരു ഉയർച്ചയുടെയും താഴ്ച്ചയുടെയും സീസണായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പന്ത് കുറിച്ചത്. 'ഒരുപാട് കാര്യങ്ങൾ പഠിക്കാവൻ കഴിഞ്ഞു. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ സ്നേഹത്തിനും പിന്തുണയ്ക്കും ഏറെ നന്ദി. ഉടൻ തന്നെ വീണ്ടും കാണാം.' റിഷഭ് പന്ത് കുറിച്ചു.

ഇന്ത്യൻ യുവവിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് മികച്ച സീസണായിരുന്നില്ല കടന്നുപോയത്. 13 ഇന്നിങ്സുകളിൽ നിന്നായി 269 റൺസ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രമാണ് സീസണിൽ പന്തിന് നേട്ടമായുള്ളത്. ഐപിഎൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്ത് മാത്രമാണ് ലഖ്നൗവിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്. 14 മത്സരങ്ങളിൽ ആറ് ജയവും എട്ട് തോൽവിയുമാണ് സീസണിൽ ലഖ്നൗവിന് നേടാനായത്.

ഐപിഎൽ സീസണിൽ ഇന്നലെ നടന്ന അവസാന മത്സരത്തിലും റിഷഭ് പന്തും സംഘവും പരാജയം നേരിട്ടു. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന മികച്ച സ്കോർ നേടിയിരുന്നു. ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 61 പന്തിൽ 11 ഫോറും എട്ട് സിക്സറും സഹിതം റിഷഭ് 118 റൺസെടുത്ത് പുറത്താകാതെ നിന്നു. 37 പന്തിൽ നാല് ഫോറും അഞ്ച് സിക്സറും സഹിതം 67 റൺസെടുത്ത് മിച്ചൽ മാർഷ് പന്തിന് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ലക്ഷ്യത്തിലെത്തി. 33 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 85 റൺസെടുത്ത ക്യാപ്റ്റൻ ജിതേഷ് ശർമയാണ് റോയൽ ചലഞ്ചേഴ്സിന്റെ വിജയശിൽപ്പി. 30 പന്തിൽ 10 ഫോറുകൾ സഹിതം വിരാട് കോഹ്‍ലി 54 റൺസെടുത്തു. പുറത്താകാതെ 41 റൺസെടുത്ത മായങ്ക് അ​ഗർവാൾ, ഓപണിങ്ങിൽ 30 റൺസ് സംഭാവന ചെയ്ത ഫിൽ സോൾട്ട് എന്നിവരും റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ നിർണായകമായി.

Content Highlights: Rishabh Pant express his gratitude towards LSG following the season ended

dot image
To advertise here,contact us
dot image