
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ കടന്നിരിക്കെ സൂപ്പർ താരം ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങുന്നത് തിരിച്ചടിയാകില്ലെന്ന് ടീം അസിസ്റ്റന്റ് പരിശീലകൻ മാത്യു വേഡ്. 'തീർച്ചയായും ബട്ലർ മടങ്ങുന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നില്ല. എങ്കിലും ബട്ലർ ഗുജറാത്തിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശുഭ്മൻ ഗിൽ, സായി സുദർശൻ, ജോസ് ബട്ലർ തുടങ്ങി ടീമിലെ ആദ്യ മൂന്ന് താരങ്ങളാണ് സീസണിൽ കൂടുതൽ റൺസും നേടിയത്. ഇപ്പോൾ മറ്റൊരാൾക്ക് ബട്ലറിന്റെ പകരമായി അവസരം നൽകേണ്ടതുണ്ട്,' ഇന്ന് നടക്കേണ്ട ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് മുമ്പ് വേഡ് പ്രതികരിച്ചു.
'ബട്ലറിന് പകരം കളിക്കുന്ന താരവും മികച്ച പ്രകടനം നടത്തുമെന്ന് വിശ്വസിക്കുന്നു. പ്രധാന കാര്യം ഷെഫ്രെയ്ൻ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ എന്നിവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും. അവരുടെ അവസരങ്ങളും നന്നായി വിനിയോഗിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,' വേഡ് വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 12 മത്സരങ്ങളിൽ നിന്ന് 500 റൺസ് നേടിയ താരമാണ് ജോസ് ബട്ലർ. പുറത്താകാതെ നേടിയ 97 റൺസാണ് ഉയർന്ന സ്കോർ. വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന, ട്വന്റി 20 പരമ്പര വരാനിരിക്കുന്നതിനാലാണ് ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഐപിഎൽ സീസണിൽ ഗുജറാത്തിന് ഇനി രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കുന്നു. ഈ മത്സരങ്ങളിലും ഗുജറാത്തിന് ബട്ലറിന്റെ സേവനം ലഭിക്കും.
Content Highligths: Gujarat Titans' Brave Declaration On Missing Jos Buttler In IPL Playoffs