എമേര്ജിങ് ഏഷ്യാ കപ്പ്; ഇന്ത്യ എ ടീമിനെ തകര്ത്ത് പാകിസ്താന് എ ടീമിന് കിരീടം

ഫൈനലില് 128 റണ്സിന്റെ വമ്പന് ജയമാണ് യഷ് ദുള് നയിച്ച ഇന്ത്യന് യുവനിരയ്ക്കെതിരേ പാക് പട സ്വന്തമാക്കിയത്

dot image

കൊളംബോ: എമേര്ജിങ് ഏഷ്യാകപ്പ് 2023 ഫൈനലില് ഇന്ത്യ എ ടീമിനെ തോല്പ്പിച്ച് പാകിസ്താന് എയ്ക്ക് കിരീടം. ഏകപക്ഷീയമായി മാറിയ ഫൈനലില് 128 റണ്സിന്റെ വമ്പന് ജയമാണ് യഷ് ദുള് നയിച്ച ഇന്ത്യന് യുവനിരയ്ക്കെതിരേ പാക് പട സ്വന്തമാക്കിയത്. പാകിസ്താന് ഉയര്ത്തിയ 353 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ എ 40 ഓവറില് ഓള്ഔട്ടായി. രണ്ടാം തവണയാണ് പാകിസ്താന് എമേര്ജിങ് കപ്പ് ചാംപ്യന്മാരാകുന്നത്.

ടോസ് നേടിയ ഇന്ത്യന് നായകന് യഷ് ദുള് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ഇന്ത്യയുടെ തീരുമാനം തെറ്റായിപ്പോയെന്ന് പാക് ബാറ്റര്മാര് തെളിയിച്ചു. നിശ്ചിത 50 ഓവറില് എട്ടു വിക്കറ്റിനാണ് 352 റണ്സെന്ന കൂറ്റന് സ്കോര് പാകിസ്താന് പടുത്തുയര്ത്തിയത്. ഓപ്പണിംഗ് വിക്കറ്റില് 121 റണ്സ് പാക് പട അടിച്ചെടുത്തപ്പോള് തന്നെ മത്സരം ഇന്ത്യയുടെ കൈവിട്ടുപോയെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന് ഒരു ഘട്ടത്തില് അഞ്ചിന് 187ലേക്കു പാകിസ്താനെ ഒതുക്കാന് ഇന്ത്യക്കായിരുന്നു. പക്ഷേ നാലാമനായി ക്രീസിലെത്തിയ തയ്യാബ് താഹിറിന്റെ (108) കിടിലന് സെഞ്ച്വറി ഇന്ത്യയെ തകര്ത്തു. വെറും 71 ബോളിലാണ് 12 ഫോറും നാല് സിക്സറുമടക്കം താരം 108 റണ്സ് അടിച്ചുകൂട്ടിയത്. ഓപ്പണിംഗ് ജോടികളായ സയീം അയൂബ് (59), സഹിബ്സാദ ഫര്ഹാന് (65) എന്നിവരാണ് പാകിസ്താന്റെ മറ്റു സ്കോറര്മാര്. മുബസിര് ഖാന് 35ഉം ഒമെയര് യൂസുഫ് 35ഉം റണ്സ് നേടി. മല്സരത്തില് ഏഴ് ബൗളര്മാരെ ഇന്ത്യന് നായകന് ദുള് പരീക്ഷിച്ചെങ്കിലും പാക് ഇന്നിംഗ്സിന് കടിഞ്ഞാണിടാനായില്ല. ഇന്ത്യക്ക് വേണ്ടി റിയാന് പരാഗും രാജ്വര്ധന് ഹംഗര്ഗേക്കറും രണ്ടു വിക്കറ്റുകള് വീതം വീഴ്ത്തി.

പാകിസ്താന് ഉയര്ത്തിയ 353 റണ്സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യ 40 ഓവറില് 224 റണ്സില് കൂടാരംകയറി. ഇന്ത്യന് നിരയില് ഓപ്പണര് അഭിഷേക് ശര്മ (61) യാണ് ടോപ്സ്കോറര്. നായകന് യാഷ് ദുള് മാത്രമാണ് പിന്നീട് ഇന്ത്യന് ഇന്നിംഗ്സില് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 41 പന്തുകളില് നാല് ഫോറുകളടക്കം 39 റണ്സെടുത്ത അദ്ദേഹം അഞ്ചാമനായി പുറത്തായതോടെ ഇന്ത്യ പതറിത്തുടങ്ങി. സായി സുദര്ശനാണ് (29) 20ന് മുകളില് സ്കോര് ചെയ്ത മറ്റൊരു താരം.

വമ്പന് റണ്ചേസില് ആഗ്രഹിച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ അഭിഷേകും സായിയും ഇന്ത്യക്കു നല്കിയത്. 8.2 ഓവറില് 64 റണ്സ് ഇരുവരും ടീം സ്കോറിലേക്കു കൂട്ടിച്ചേര്ത്തിരുന്നു. എന്നാല് സായിയെ പുറത്താക്കി അര്ഷാദ് ഇഖ്ബാല് പാകിസ്താന് ആദ്യ ബ്രേക്ക്ത്രൂ നല്കി. പിന്നീട് ഇന്ത്യക്ക് വിക്കറ്റുകള് നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. നികിന് ജോസ് (11), നിശാന്ത് സിന്ധു (10), ധ്രുവ് ജുറേല് (9), റിയാന് പരാഗ് (14), ഹര്ഷിത് റാണ (13) രാജ്വര്ധന് ഹംഗര്ഗേക്കര് (11), യുവരാജ് സിംഗ് ദോഡിയ (5) മാനവ് സൂത്തര് (7) എന്നിങ്ങനെയായിരുന്നു ഇന്ത്യന് ഇന്നിംഗ്സിലെ സംഭാവന. പാകിസ്താനു വേണ്ടി സുഫിയാന് മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി. മെഹ്റാന് മുംതാസ്, അര്ഷദ് ഇഖ്ബാല്, മുഹമ്മദ് വസീം എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള് മുബശ്ശിര് ഖാന് ഒരു വിക്കറ്റ് നേടി.

dot image
To advertise here,contact us
dot image