ഭോപ്പാല്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ച ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനി കോണ്‍ഗ്രസിനൊരു ഉദാഹരണമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. രാജ്യത്തെമ്പാടും തെരഞ്ഞെടുപ്പ് വിജയത്തിനായി മംദാനി സ്വീകരിച്ച തരത്തിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങളടക്കം പാര്‍ട്ടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
'മംദാനി സ്വീകരിച്ച പ്രചരണവഴികള് കോണ്‍ഗ്രസിനൊരു ഉദാഹരണമാണ്. നമുക്കതിന് ധൈര്യമുണ്ടോ?. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ നമ്മള് തയ്യാറാണോ?. അല്ലയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, ഭയപ്പെടരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണ്. നമ്മളുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയാണ്. അതായത് 'നിര്‍ഭയ ആംഗ്യം'. അനീതിയ്ക്കെതിരെ നിര്‍ഭയത്വത്തോടെ പോരാടണം. നമ്മള് പോരാടിയാല്‍, നമ്മള് ജയിക്കും. ജയ് സിയാ റാം.', ദിഗ്വിജയ് സിങ് എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തക മീരാ നായരുടെയും ഉഗാണ്ടന്‍ മാര്‍ക്സിസ്റ്റ് സ്കോളര്‍ മഹമൂദ് മംദാനിയുടെ മകനുമായ 33 കാരന് മംദാനി ബോര് ഓഫ് ക്യൂന്‍സിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്. ബ്രൂക്ലിനില്‍ താമസിക്കുന്ന സിറിയന്‍ വംശജ രാമ ദുവാജിയെയാണ് ഭാര്യ. മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം മേയറായിരിക്കും മംദാനി.
ന്യൂയോര്‍ക്ക് മേയറാകാനുള്ള ഡെമോക്രാറ്റുകളുടെ പ്രൈമറിയില്‍ വിജയിച്ചതിന് പിന്നാലെ സൊഹ്റാന് മംദാനിയുടെ മോദി-നെതന്യാഹു വിരുദ്ധ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചും പലസ്തീനിലെ നെതന്യാഹുവിന്റെ അനീതികളെക്കുറിച്ചുമുള്ള മുന്‍ നിലപാടാണ് വൈറലായത്. ഇരുവരെയും കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയവര് എന്നാണ് മംദാനി വിശേഷിപ്പിക്കുന്നത്.
മോദി മാഡിസണ്‍ സ്ക്വയറില്‍ ഒരു റാലി നടത്തിയ ശേഷം താങ്കളുമായി പത്രസമ്മേളനം നടത്തുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു മംദാനിയുടെ മറുപടിയുണ്ടായത്. അംഗീകരിക്കാനാകില്ല എന്നുപറഞ്ഞ മാംദാനി ഗുജറാത്ത് കപാലത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചും പറഞ്ഞു. എന്റെ പൂര്‍വികര്‍ ഗുജറാത്തില്‍ നിന്നാണ്. അച്ഛന് ഒരു മുസ്ലിമാണ്. നരേന്ദ്ര മോദി ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ആളാണ്. ഇതേ കാഴ്ചപ്പാട് തന്നെയാണ് തനിക്ക് നെതന്യാഹുവിനോടും എന്നാണ് മാംദാനി പറയുന്നത്.
അതേസമയം, മാംദാനിയെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നു. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്' എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പലസ്തീന് അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരില്‍ വിമര്‍ശിച്ചതും ഉള്‍പ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്. ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിച്ചതുള്‍പ്പെടെ സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം അടക്കം മംദാനിയുടെ നയങ്ങള്‍ ഇതിനകം ശ്രദ്ധനേടിയിരുന്നു.
Content Highlights: The method of campaigning by Mamdani is an example for Congress; Digvijaya Singh