സാങ്കേതിക തകരാർ, നടുറോഡിൽ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്; ഒഴിവായത് വൻദുരന്തം

പൈലറ്റിന്റെ സമയോചിതമായ ഇടപ്പെടലിലൂടെ ഒഴിവായത് വൻ അപകടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിൽ പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ സ്വകാര്യ ഹെലികോപ്റ്റർ അടിയന്തരമായി റോഡിൽ ലാൻഡ് ചെയ്തു. സാങ്കേതിക തകരാറുമൂലമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപ്പെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.52-ഓടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. പൈലറ്റിന് നിസാര പരിക്കുകളുണ്ട്. നടുവേദനയെത്തുടർന്ന് പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേദാർനാഥ് ധാമിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്ററാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ മൂലം റോഡിന്റെ മധ്യത്തിൽ അടിയന്തരമായി ഹാർഡ് ലാൻഡ് ചെയ്തത്. കളക്ടീവ് കൺട്രോളിന് തകരാർ സംഭവിച്ചതായി പൈലറ്റ് ക്യാപ്റ്റൻ ആർപിഎസ് സോധി റിപ്പോർട്ട് ചെയ്യുകയും ഹെലിപാഡിന് തൊട്ടുതാഴെയുള്ള റോഡിൽ നിയന്ത്രിത ലാൻഡിങ് നടത്തുകയുമായിരുന്നു.

"ക്രെസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ അഞ്ച് യാത്രക്കാരുമായി ബഡാസു ബേസിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് പറന്നുയരുമ്പോൾ സാങ്കേതിക തകരാർ സംഭവിച്ചു. പൈലറ്റ് കൃത്യസമയത്ത് തകരാർ തിരിച്ചറിയുകയും അടുത്തുള്ള ഒഴിഞ്ഞ റോഡിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു", ജില്ലാ ടൂറിസം വികസന ഓഫീസറും ഹെലി സർവീസ് നോഡൽ ഓഫീസറുമായ രാഹുൽ ചൗബെ പറഞ്ഞു.

ഹെലികോപ്റ്ററിന്റെ വാൽഭാഗം വന്നിടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വളരെപ്പെട്ടെന്നുതന്നെ റോഡിൽ നിന്ന് മാറ്റി അധികൃതർ ഗതാഗത തടസ്സം ഒഴിവാക്കി.

Content Highlights: Helicopter makes emergency landing on Uttarakhand road

To advertise here,contact us