കോഴിക്കോട്: സൂംബയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ. മതത്തോട് കൂട്ടി ചേര്‍ത്ത് പറയുന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്തതല്ല സൂംബയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകമെങ്ങും വര്‍ഷങ്ങളായി സൂംബ ഡാന്‍സ് കളിക്കുന്നു. സ്കൂളില്‍ എവിടെയാണ് അല്പ വസ്ത്രം ധരിക്കുന്നത്. യൂണിഫോം ധരിച്ചാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അല്‍പ്പ വസ്ത്രം ധരിച്ച് എവിടെയാണ് സൂംബ നടത്തിയതെന്ന് അവര്‍ വിശദീകരിക്കട്ടേ. ഇത്രയും പച്ചക്കള്ളം പറയാന്‍ പാടുണ്ടോ? കേള്‍ക്കുന്നവര്‍ എന്താണ് വിചാരിക്കുക. നമ്മള് കണ്ട വീഡിയോയില്‍ യൂണിഫോമിട്ടാണ് കളിക്കുന്നത്', അദ്ദേഹം പറഞ്ഞു.
സൂംബ വിഷയത്തില്‍ എംഎസ്എഫിൻ്റെ പ്രതികരണം ഞെട്ടിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് പഠിക്കുന്നവരായി എംഎസ്എഫുകാര്‍ മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ജല്പനങ്ങള്ക്ക് മുന്പില് കേരളം മുട്ടുമടക്കേണ്ടതില്ലെന്നും അല്പ വസ്ത്രമെന്ന് പറഞ്ഞ് വനിതാ ഫുട്ബോള്‍, ജിംനാസ്റ്റിക്സ് തുടങ്ങിയ കായിക ഇനങ്ങള്‍ നടത്താന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
'നിങ്ങള്‍ക്ക് മതമല്ല, മതമല്ല, ഞങ്ങള്‍ക്ക് മതമാണ്, മതമാണ് പ്രശ്നമെന്ന് കെ എം ഷാജിയുടെ വിവാദമായ ഒരു പ്രസംഗമുണ്ട്. കെ എം ഷാജിയുടെ പിന്നിലാണോ മുസ്ലിം ലീഗിന്റെ പിന്നിലാണോ അണിനിരക്കുന്നതെന്ന് ആലോചിക്കണം. കെ എം ഷാജിമാരാണ് വര്‍ഗീയത വളര്‍ത്തി എന്തെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ പറ്റുമോയെന്ന് ആലോചിക്കുന്നത്. അവരുടെ പിടിത്തത്തിലേക്ക് ഒരു വിഭാഗം എംഎസ്എഫ് പ്രവര്‍ത്തകര്‍ പോയിട്ടുണ്ടെന്നാണ് തെളിയിക്കുന്നത്', അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാമ്പസില്‍ ഇടപെടുന്ന സംഘടനയ്ക്ക് എങ്ങനെയാണ് ഒരു ഡാന്‍സ് പാടില്ലെന്ന് പറയാന്‍ പറ്റുകയെന്ന് വസീഫ് ചോദിച്ചു. ഇവരുടെ എത്ര പരിപാടികളില്‍ ഡാന്‍സ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എംഎസ്എഫ് നേതാക്കന്മാര് ജീവിക്കുന്നത് മതപരമായിട്ടാണോ? ഒരാള്‍ മതപരമായി ജീവിക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല, അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിച്ച് കൊടുക്കണം, ആ സ്വാതന്ത്ര്യത്തിന് കൂടി വേണ്ടി പോരാടുന്നവരാണ് ഞങ്ങള്‍. എന്നാല്‍ പൊതു നിലപാടെടുക്കുന്ന സമയത്ത് അതില്‍ വാശിപ്പിടിക്കുന്നത് ഹീനമാണ്', വസീഫ് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്ദേശമായതിനാലാകാം എംഎസ്എഫുകാര്‍ ഇതില്പ്പിടിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് അത്രത്തോളം വര്‍ഗീയതയുണ്ടെന്ന് കരുതിയിട്ടില്ല. എന്നാല്‍ ഇപ്പോഴുള്ള പ്രസ്താവന കാണുമ്പോള്‍ ആ തരത്തിലേക്ക് എംഎസ്എഫ് നേതൃത്വം പോകുന്നുണ്ടെന്ന് തോന്നുന്നുവെന്നും വസീഫ് പറഞ്ഞു.
Content Highlights: Zumba controversy DYFI against MSF