കൊച്ചി: സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ പറയുന്നവര്‍ തീവ്ര ചിന്താഗതിക്കാരെന്ന് ഡിവൈഎഫ്ഐ. ഈ ജല്പ്പനങ്ങളെയെല്ലാം അതിജീവിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുമെന്നും ഇത്തരം പ്രതികരണം പുരോഗമന കേരളത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ജല്പ്പനങ്ങളെ അതിജീവിച്ച് കേരളത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. ഇതൊന്നും അഭിപ്രായ വ്യത്യാസമല്ല. അരോചകമായ തരത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന നിലയ്ക്കാണ് ഇവരെല്ലാം ഇപടപെട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള തീവ്രചിന്താഗതിക്കാരെ അകറ്റി നിര്‍ത്തണം. തിരിച്ചറിയണം. പുരോഗമന നിലപാടിനൊപ്പമാണ് ഡിവൈഎഫ്ഐ. സങ്കുചിത താല്പര്യക്കാര്ക്ക് നിന്നുകൊടുക്കില്ല. മതം പ്രചരിപ്പിക്കാനും ആശയം പ്രചരിപ്പിക്കാനും അവകാശമുണ്ട്. അതിലേക്ക് പൊതുസമൂഹം വരണമെന്ന് വാശിപിടിക്കാനാകില്ല', വസീഫ് പറഞ്ഞു.
സ്കൂളില്‍ കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അത് കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും ലഹരി പാര്‍ട്ടിയിലേക്കും എത്തിക്കുമെന്നുമായിരുന്നു വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫ് പറഞ്ഞത്.
'യോജിക്കാന്‍ കഴിയാത്ത ആളുകളില്‍ പോലും സൂംബ അടിച്ചേല്‍പ്പിക്കുകയാണ്. കുട്ടികളെ സംസ്കാര സമ്പന്നരായി വളര്‍ത്തുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ലഹരി ഉപയോഗിക്കരുത്. സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്പര്യമില്ല' എന്നും ടി കെ അഷ്റഫ് അഭിപ്രായപ്പെട്ടു.
Content Highlights: DYFI V Vaseef Against TK Ashraf Zumba Statement