ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധിയിൽ വലഞ്ഞ് രോഗികൾ; റേഡിയോളജി മേധാവിയുടെ കത്തിൽ നടപടിയില്ല

തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയ മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധി തുടരുന്നു.വരുന്ന തിങ്കളാഴ്ച മുതൽ ശ്രീചിത്രയിൽ ശസ്ത്രക്രിയ നടത്തില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റേഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ആശുപത്രി അധികൃതർക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ ന്യൂറോ വിഭാഗത്തിലെ ശസ്ത്രക്രിയ മാത്രം മാറ്റിവയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റ് രോഗികളുടെ ശസ്ത്രക്രിയ മാറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് രോഗികൾ.

അതേസമയം ശ്രീചിത്ര മാനേജ്മെന്റ് വിഷയത്തിൽ ഇടപെടാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ തിരുവനന്തപുരം ശ്രീചിത്രയിൽ ഗുരുതര പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാണിച്ച് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കമ്പനികളുമായി കരാർ ഏർപ്പെടുന്നതിൽ മാനേജ്‍മെന്റിനു വീഴ്ച്ച എന്നാണ് കത്തിൽ പറയുന്നത്. 2023 നു ശേഷം കരാറുകൾ പുതുക്കിയിരുന്നില്ലെന്നും ഇതോടെ ആശുപത്രി ഉപകരണങ്ങളുടെ വിതരണം കമ്പനി നിർത്തിവെക്കുകയുമായിരുന്നു.

കേന്ദ്ര സർക്കാർ നിയമപ്രകാരം ഓരോ വ‍ർഷവും ശ്രീചിത്രയിലെ കരാറുകൾ പുതുക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമാണ് കമ്പനികൾ നൽകുന്ന ഉപകരണങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങളും മറ്റും ആശുപത്രിക്ക് ലഭിക്കൂ. എന്നാൽ 2023ന് ശേഷം കരാറുകൾ പുതുക്കിയിട്ടില്ല എന്നാണ് റിപ്പോ‍‍ർട്ടുകൾ. അതേസമയം മാനേജ്മെന്റിന് സംഭവിച്ച ഈ വീഴ്ച ഡോക്ട‍ർമാരുൾപ്പടെയുള്ള വകുപ്പ് മേധാവികൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാൽ യാതൊരു വിധത്തിലുള്ള ന‌ടപടിയും ഇതിൽ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Content Highlights: Patients facing treatment crisis at Sree Chitra Thiruvananthapuram

To advertise here,contact us