ഫ്രഞ്ച് മധ്യനിരാ താരവും ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. ലീഗ് 1 ക്ലബ് എഎസ് മോണോക്കോയുമായി താരം കരാറിലേർപ്പെട്ടു. രണ്ട് വർഷത്തെ കരാറാണ് താരം ഒപ്പിട്ടത്.
ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നേരിട്ട 18 മാസത്തെ വിലക്കിന് ശേഷമാണ് പോൾ പോഗ്ബ തിരിച്ചെത്തുന്നത്. 32 വയസ്സുകാരനായ ഈ മിഡ്ഫീൽഡർ യുവന്റസിൽ നിന്ന് കരാർ റദ്ദാക്കിയതിനെത്തുടർന്ന് ഫ്രീ ട്രാൻസ്ഫറിലാണ് മൊണോക്കോയുടെ തട്ടകത്തിലെത്തുന്നത്.
❤️🤍🇲🇨 Official, confirmed. Paul Pogba joins AS Monaco on two year contract! pic.twitter.com/38JsESjXDb
ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്നുള്ള വിലക്ക് വെട്ടിക്കുറച്ചതോടെയാണ് താരത്തിന്റെ തിരിച്ചുവരവ് സാധ്യമായത്. ആദ്യം നാല് വർഷമാണ് വിലക്കേർപ്പെടുത്തിയിരുന്നത്. പിന്നീട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (സിഎഎസ്) നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്നാണ് വിലക്ക് 18 മാസത്തേക്ക് ചുരുക്കിയത്.
ഇറ്റാലിയൻ ലീഗ് ക്ലബ് യുവന്റസിന്റെ താരമായിരുന്ന പോഗ്ബയെ 2024 ഫെബ്രുവരി അവസാനമാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 20ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നിരോധിത പദാര്‍ത്ഥമായ ഡിഎച്ച്ഇഎ(ഡൈഹൈഡ്രോപിയാൻഡ്രോസ്റ്റിറോൺ) ആണ്
പോഗ്ബയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ 2027 ഓഗസ്റ്റ് വരെ താരത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഈ സസ്പെന്ഷന് യുവന്റസ് താരമായ പോഗ്ബയുടെ കരിയറില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. 2027 ഓഗസ്റ്റില്‍ വിലക്ക് അവസാനിക്കുമ്പോള്‍ 34 വയസ്സാവുന്ന പോഗ്ബയുടെ തിരിച്ചുവരവ് തന്നെ സംശയത്തിലായിരുന്നു. ഫ്രഞ്ച് മിഡ്ഫീല്ഡറുടെ കരിയര്‍ അവസാനിച്ചെന്നുവരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ തനിക്കെതിരായ നടപടിക്കെതിരെ പോഗ്ബ സിഎഎസില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. പിന്നീടാണ് അനുകൂലമായ വിധി വന്നത്. ഇതോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ അവസാനിക്കുകയും ചെയ്തു.
2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു പോഗ്ബ. എന്നാല്‍ 2022 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഫ്രഞ്ച് കുപ്പായത്തില്‍ 91 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് പോഗ്ബയുടെ ബൂട്ടുകളില്‍ നിന്ന് പിറന്നത്.
2011-12 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് പോഗ്ബ അരങ്ങേറുന്നത്. 2012ല്‍ യുവന്റസിലെത്തിയ പോഗ്ബ 2016ല്‍ വീണ്ടും യുണൈറ്റഡിലേക്ക് തിരിച്ചെത്തി. ആറ് വര്‍ഷത്തിന് ശേഷം വീണ്ടും യുവന്റസിലേക്ക് കൂടുമാറി. പിന്നീടായിരുന്നു ഉത്തേജക മരുന്നുപരിശോധനയില്‍ പരാജയപ്പെട്ടതും നടപടി വന്നതും.
Content Highlights: Paul Pogba returns to professional football as new AS Monaco signing