വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആര്‍സിബി പേസര്‍ യാഷ് ദയാലിനെതിരെ ഗുരുതര ആരോപണവുമായി യുവതി

യാഷ് ദയാലും താനും അഞ്ച് വർഷമായി പ്രണയബന്ധത്തിലായിരുന്നുവെന്നാണ് യുവതി തന്റെ പരാതിയിൽ പറയുന്നത്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഇന്ത്യന്‍ പേസർ യാഷ് ദയാലിനെതിരെ പീഡനാരോപണവുമായി യുവതി രംഗത്ത്. 27കാരനായ താരം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഗാസിയാബാദിൽ നിന്നുള്ള യുവതിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോര്‍ട്ടലായ ഐജിആർഎസിനെ സമീപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സർക്കിൾ ഓഫീസറിൽ നിന്ന് (സിഒ) ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഐജിആർഎസിൽ സമർപ്പിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.

FIR has been filed against Yash Dayal for allegedly harassing a woman named Sakshi.What Did you RCB Should Take Action Against Yash ??#RCB #yashDayal #ipl pic.twitter.com/6uNMIY1hID

യാഷ് ദയാലും താനും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ആ സമയത്ത് യാഷ് വിവാഹവാഗ്ദാനം നൽകി തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ഉപയോഗിച്ചു. തന്നെ കുടുംബത്തിന് പരിചയപ്പെടുത്തിയ താരം ഭർത്താവിനെ പോലെയാണ് പെരുമാറിയത്. അങ്ങനെ വിശ്വാസം നേടിയെടുത്തു.

ചതിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ തനിക്കെതിരെ അക്രമണം അഴിച്ചു വിട്ടെന്നും തങ്ങളുടെ പ്രണയ കാലത്ത് മറ്റ് സ്ത്രീകളുമായി ദയാലിന് ബന്ധമുണ്ടായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. യാഷ് തന്നിൽ നിന്ന് പലകുറി പണം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ യുവതി മുമ്പ് മറ്റ് നിരവധി സ്ത്രീകളോടും താരം ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

2025 ജൂൺ 14ന് വനിതകളുടെ ഹെൽപ് ലൈൻ നമ്പറായ 181ൽ വിളിച്ച് താന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. ആരോപണങ്ങൾ തെളിയിക്കുന്ന ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, വിഡിയോ കോളുകൾ, ഫോട്ടോകൾ എന്നിവയൊക്കെ തൻ്റെ പക്കലുണ്ട്. പക്ഷപാതമില്ലാതെ കൃത്യമായി കേസ് അന്വേഷിക്കണമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Content Highlights: RCB Pacer Yash Dayal Accused Of Physical Violence, Exploitation On Pretext Of Marriage

To advertise here,contact us