വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മികച്ച ലീഡിനായി ഓസ്ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ ഓസീസിന് ഇപ്പോൾ 82 റൺസിന്റെ ലീഡുണ്ട്. സ്കോർ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 180, രണ്ടാം ഇന്നിങ്സിൽ നാലിന് 92. വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 190.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാംഭിച്ചത്. ക്യാപ്റ്റൻ റോസ്റ്റൺ ചെയ്സിന്റെയും ഷായി ഹോപ്പിന്റെയും പോരാട്ടത്തിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിന് ആദ്യ ഇന്നിങ്സ് ലീഡിലേക്കെത്താൻ കഴിഞ്ഞു. 108 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 44 റൺസാണ് ചെയ്സ് നേടിയത്. 91 പന്തിൽ അഞ്ച് ഫോറുകളടക്കം 48 റൺസെടുത്ത ഷായി ഹോപ്പ് ടോപ് സ്കോററായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു.
ബ്രണ്ടൻ കിങ് 26, അൽസാരി ജോസഫ് പുറത്താകാതെ 23, കീസി കാർത്തി 20 എന്നിങ്ങനെയാണ് വെസ്റ്റ് ഇൻഡീസ് നിരയിലെ മറ്റ് സ്കോറിങ്ങുകൾ. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ബ്യൂ വെബ്സ്റ്റർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ നിരയിൽ സാം കോൺസ്റ്റാസ് അഞ്ച്, ഉസ്മാൻ ഖ്വാജ 15, കാമറൂൺ ഗ്രീൻ 15, ജോഷ് ഇൻഗ്ലീഷ് 12 എന്നിങ്ങനെ സ്കോറിങ്ങുകൾ നടത്തി പുറത്തായി. മത്സരം അവസാനിക്കുമ്പോൾ ട്രാവിസ് ഹെഡ് 13 റൺസോടെയും ബ്യൂ വെബ്സ്റ്റർ 19 റൺസോടെയും ക്രീസിലുണ്ട്.
Content Highlights: Australia fighting for good total in second innings against West Indies