'സ്റ്റുപിഡി'ല്‍ നിന്ന് 'സൂപ്പർബി'ലേയ്ക്ക്; ഗവാസ്‌കറെ തിരുത്തിപ്പറയിപ്പിച്ച് പന്തിന്‍റെ മാസ്

പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷം കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്തിനെ അഭിനന്ദിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. രണ്ടാം ദിനത്തില്‍ റിഷഭ് പന്താണ് ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചത്. അതും നൂറാം ഓവറില്‍. ശുഐബ് ബഷീര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തിനെ ഗാലറിയിലെത്തിച്ചാണ് പന്ത് കരിയറിലെ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയില്‍ തൊട്ടത്.

പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷം കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. 'സൂപ്പര്‍ബ് സൂപ്പര്‍ബ് സൂപ്പര്‍ബ്' എന്നാണ് സുനില്‍ ഗവാസ്‌കര്‍ കമന്ററിയിലൂടെ പറഞ്ഞത്. പന്തിന്റേത് അതിശയിപ്പിക്കുന്ന ബാറ്റിങ്ങാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇതോടെ സുനില്‍ ഗവാസ്‌കര്‍ പന്തിനെ കുറിച്ച് മുന്‍പ് പറഞ്ഞ കമന്ററിയാണ് ചര്‍ച്ചയാവുന്നത്. ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായതിന് പന്തിനെ ഗവാസ്‌കര്‍ ലൈവ് കമന്ററിയില്‍ വിമര്‍ശിച്ചിരുന്നു. കമന്ററിക്കിടെ ഗാവസ്‌കര്‍ പന്തിന്റെ പുറത്താകലിനെ വിശേഷിപ്പിച്ചത് 'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്' എന്നായിരുന്നു.

അതേ സുനില്‍ ഗവാസ്‌കറെ കൊണ്ട് സൂപ്പര്‍ബ് എന്ന് തിരുത്തിപ്പറയിപ്പിക്കുകയാണ് പന്ത്. വിമര്‍ശനങ്ങളെ തന്റെ പ്രകടനം കൊണ്ട് തിരുത്തിപ്പറയിക്കുന്ന പന്തിനെ ആവോളം വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ.

Sunil Gavaskar's 'Stupid, Stupid, Stupid' turned into 'Superb, Superb, Superb'.- This is Rishabh Pant for you! 🥶pic.twitter.com/SgDYDPBG1c

146 പന്തിലാണ് പന്ത് തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായും പന്ത് മാറി. ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോനിയുടെ ആറ് സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നു 209 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കിയാണ് പന്ത് ക്രീസ് വിട്ടത്. താരം 178 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്സും സഹിതം 134 റണ്‍സെടുത്താണ് മടങ്ങിയത്.

Content Highlights: Sunil Gavaskar forced to take back his 'stupid-stupid-stupid' remark after Rishabh Pant hits Century

To advertise here,contact us