'ടീമിൽ ആരുടെയും സ്ഥാനം പറയാൻ കഴില്ല, എന്നാൽ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിൽ ബാറ്റ് ചെയ്യും': പാറ്റ് കമ്മിൻസ്

ടെസ്റ്റ് ചാംപ്യൻഷിപ്പ് നിലനിർത്തുന്നതിനെക്കുറിച്ചും കമ്മിൻസ് സംസാരിച്ചു

ജൂൺ 11ന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയനൻ ടീമിൽ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ച് പാറ്റ് കമ്മിൻസ്. പ്രൈം വീഡിയോ ഓസ്ട്രേലിയ പുറത്തുവിട്ട ഒരു വീഡിയോയിലാണ് കമ്മിൻസിന്റെ പ്രസ്താവന. ടീമിലെ മറ്റാരുടെയും സ്ഥാനം എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിൽ ബാറ്റ് ചെയ്യും. കമ്മിൻസ് പ്രതികരിച്ചു.

ടെസ്റ്റ് ചാംപ്യൻഷിപ്പ് നിലനിർത്തുന്നതിനെക്കുറിച്ചും കമ്മിൻസ് സംസാരിച്ചു. '2023ൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് സ്വന്തമാക്കിയതിന് ശേഷം കിരീടം നിലനിർത്തുന്നതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. വീണ്ടും കിരീടം സ്വന്തമാക്കാനായി ശ്രമിക്കുക. ഫൈനൽ കളിക്കും വരെ കിരീടമെന്ന സ്വപ്നം യാഥാർത്ഥ്യമാവില്ല. ഇപ്പോൾ ഓസീസ് ഫൈനലിൽ എത്തിയിരിക്കുന്നു, മറ്റൊരു ഐസിസി ട്രോഫി കൂടി നേടുന്നത് വളരെ സന്തോഷമാണ്. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ടൂർണമെന്റാണിത്.' രണ്ട് വർഷത്തെ മികവിന്റെ നേട്ടമാണിത്. കമ്മിൻസ് കൂട്ടിച്ചേർത്തു.

'ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ആദ്യ പതിപ്പിൽ ഓസീസിന് കിരീടം നേടാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ രണ്ട് ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടങ്ങൾ തുടർച്ചയായി നേടാൻ കഴിയുന്ന ടീമാണ് ഓസ്ട്രേലിയ. രണ്ട് കിരീടങ്ങൾ ഏറെ വലിയ നേട്ടമാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഈ വർഷങ്ങളിൽ എത്രത്തോളം മികച്ച ടീമാണെന്നതിന് ഈ വിജയങ്ങൾ ഉദാഹരണമാകും,' കമ്മിൻസ് വ്യക്തമാക്കി.

ജൂൺ 11 നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഓസ്ട്രേലിയയുടെ എതിരാളികൾ. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത്. 1998ലെ ചാംപ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഐസിസി കിരീടങ്ങൾ വിജയിച്ചിട്ടില്ലെന്ന പേരുദോഷം മാറ്റുകയെന്ന ലക്ഷ്യവും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുണ്ട്.

Content Highlights: Pat Cummins confirms Steve Smith's batting position

To advertise here,contact us