ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര് നടക്കാനിരിക്കെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം. ഐപിഎൽ കിരീടം നേടിയാൽ ചരിത്രത്തിൽ ആദ്യമായി രണ്ട് വ്യത്യസ്ത ടീമുകൾക്ക് കിരീടനേട്ടമെന്ന റെക്കോർഡ് ശ്രേയസ് അയ്യരിന് സ്വന്തമാക്കാം. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാംപ്യനാക്കിയ നായകനായിരുന്നു ശ്രേയസ് അയ്യർ. 2020ൽ ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റൻസി ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചെങ്കിലും വിജയം നേടാൻ സാധിച്ചില്ല.
ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബ് കിങ്സിന്റെ എതിരാളികൾ. വിരാട് കോഹ്ലിക്ക് വേണ്ടി കിരീടം നേടാനാണ് ശ്രമമെന്ന് റോയൽ ചലഞ്ചേഴ്സ് നായകൻ രജത് പാട്ടിദാർ വ്യക്തമാക്കി കഴിഞ്ഞു. ഇന്ന് നടക്കുന്ന ഐപിഎൽ കലാശപ്പോരിന് മുമ്പായുള്ള വാർത്താസമ്മേളനത്തിലാണ് കോഹ്ലിയുടെ വാക്കുകൾ. വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയും വിരാട് കോഹ്ലി ഏറെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നതായി പാട്ടിദാർ ഓർമിപ്പിച്ചു.
രാത്രി 7.30ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഐപിഎല്ലിന്റെ കലാശപ്പോര് നടക്കുക. ഇരുടീമുകൾക്കും ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യം. മൂന്ന് തവണ ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും വിരാട് കോഹ്ലി അടങ്ങിയ റോയൽ ചലഞ്ചേഴ്സിന് ഇതുവരെ ഐപിഎൽ കിരീടം നേടാൻ സാധിച്ചിട്ടില്ല. 2014ൽ കളിച്ച ഏക ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സും പരാജയപ്പെട്ടു.
Content Highlights: Shreyas Iyer one win away from inking history