ഐപിഎൽ പ്ലേ ഓഫിൽ കൂടുതൽ റൺസ് നേടിയ താരങ്ങൾ; മുന്നിൽ സുരേഷ് റെയ്ന

സൂപ്പർ താരം മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയിൽ രണ്ടാമതുള്ളത്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഐപിഎൽ ചരിത്രം നോക്കിയാൽ അഞ്ച് കിരീടങ്ങൾ വീതം നേടിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ. എന്നാൽ ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങൾ ആരൊക്കെയാണ്. ചില കണക്കുകൾ പരിശോധിക്കാം.

ഐപിഎൽ പ്ലേ ഓഫിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെയും ​ഗുജറാത്ത് ലയൺസിന്റെയും മുൻ താരം സുരേഷ് റെയ്നയാണ് മുന്നിൽ. 24 മത്സരങ്ങളിൽ നിന്നായി 714 റൺസാണ് റെയ്ന പ്ലേ ഓഫ് മത്സരങ്ങളിൽ മാത്രമായി നേടിയത്.

സൂപ്പർ താരം മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. നിലവിലെ ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണി റൈസിങ് പൂനെ സൂപ്പർ ജയന്റസിനായും കളിച്ചിട്ടുണ്ട്. പ്ലേ ഓഫ് കളിച്ചതിൽ 28 മത്സരങ്ങളിൽ നിന്നായി 523 റൺസാണ് ധോണിയുടെ സമ്പാദ്യം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ താരവും ഇപ്പോൾ ​ഗുജറാത്ത് ടൈറ്റൻസ് നായകനുമായ ശുഭ്മൻ ​ഗില്ലാണ് പട്ടികയിൽ മൂന്നാമൻ. 10 പ്ലേ ഓഫ് മത്സരങ്ങൾ കളിച്ച ​ഗിൽ 474 റൺസാണ് അടിച്ചെടുത്തിട്ടുള്ളത്.

നിലവിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ഫാഫ് ഡു പ്ലെസിസ് മുമ്പ് ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തുടങ്ങിയ ടീമുകൾക്കായി പ്ലേ ഓഫ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 15 മത്സരങ്ങളിൽ നിന്നായി 390 റൺസാണ് ഡു പ്ലെസിയുടെ സമ്പാദ്യം. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തുടങ്ങിയ ടീമുകൾക്കായി കളിച്ച ഷെയ്ൻ വാട്സണാണ് ഐപിഎൽ പ്ലേ ഓഫുകളിൽ തകർത്തടിച്ച മറ്റൊരു താരം. 12 പ്ലേ ഓഫ് മത്സരങ്ങൾ കളിച്ച ഷെയ്ൻ വാട്സൺ 389 റൺസെടുത്തിട്ടുണ്ട്.

Content Highlights: Players have scored most runs in Indian Premier League Playoffs

To advertise here,contact us