ചരിത്രം കുറിച്ച് UAE ക്രിക്കറ്റ്; ബം​ഗ്ലാദേശിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചു

രണ്ടാം മത്സരം യു എ ഇ വിജയിച്ചതോടെ പരമ്പര 1-1 സമനിലയായി. പരമ്പര വിജയികളെ നിശ്ചയിക്കുന്ന അവസാന മത്സരം നാളെ നടക്കും.

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി യു എ ഇ ക്രിക്കറ്റ്. ചരിത്രത്തിലാദ്യമായി ബം​ഗ്ലാദേശിനെ ട്വന്റി 20 ക്രിക്കറ്റിൽ പരാജയപ്പെടുത്തിയിരിക്കുകയാണ് യു എ ഇ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു യു എ ഇയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ രണ്ട് വിക്കറ്റ് ബാക്കിയാക്കി യു എ ഇ ലക്ഷ്യം മറികടന്നു.

നേരത്തെ ടോസ് നേടിയ യു എ ഇ ബം​ഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ തൻസിദ് ഹസനും ക്യാപ്റ്റൻ ലിട്ടൻ ദാസും ബംഗ്ലാദേശിന് മികച്ച തുടക്കം നൽ​കി. തൻസിദ് 33 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും സഹിതം 59 റൺസ് നേടി. 32 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 40 റൺസായിരുന്നു ലിട്ടൻ ദാസിന്റെ സംഭാവന. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 90 റൺസും കൂട്ടിച്ചേർത്തു. പിന്നാലെ വന്നവരിൽ നജ്മുൾ ഹൊസൈൻ ഷാന്റോ 19 പന്തിൽ‌ രണ്ട് ഫോറും ഒരു സിക്സറും സഹിതം 27 റൺസ് അടിച്ചെടുത്തു. 24 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 45 റൺസ് നേടിയ തൗഹിദ് ഹൃദോയിയുടെ സംഭാവനയും നിർണായകമായി.

അവസാന ഓവറുകളിൽ ആറ് പന്തിൽ ഒരു ഫോറും രണ്ട് സിക്സറും സഹിതം 18 റൺസ് നേടിയ ജാക്കർ അലി ബം​ഗ്ലാദേശ് സ്കോർ 200 കടത്തി. യു എ ഇ ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ജാവേദും രണ്ട് വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് സഖീർ ഖാനുമാണ് തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ മുഹമ്മദ് വസീം റൺചെയ്സ് മുന്നിൽ നിന്ന് നയിച്ചു. 42 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും സഹിതം 82 റൺസാണ് മുഹമ്മദ് വസീമിന്റെ സംഭാവന. 34 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 38 റൺസെടുത്ത സൊഹൈബ് ഖാൻ വസീമിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 107 റൺസ് പിറന്നു. എന്നാൽ സൊഹൈബ് പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് യു എ ഇയ്ക്ക് തിരിച്ചടിയായി.

82 റൺസുമായി ക്യാപ്റ്റൻ മുഹമ്മദ് വസീം മടങ്ങുമ്പോൾ യു എ ഇ സ്കോർ മൂന്നിന് 148 റൺസിൽ എത്തിയിരുന്നതെയുള്ളൂ. ആസിഫ് ഖാൻ 19, അലീഷൻ ഷറഫു 13, ധ്രുവ് പരാശർ 11, ഹൈദർ അലി ആറ് പന്തിൽ പുറത്താകാതെ 15 തുടങ്ങിയ ചെറിയ സംഭാവനകളുടെ ബലത്തിൽ അവസാന ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ യു എ ഇ ബം​ഗ്ലാദേശിൽ നിന്നും വിജയം തട്ടിയെടുത്തു.

ബം​ഗ്ലാദേശ് ബൗളർമാരിൽ ഷൊറിഫുൾ ഇസ്ലാം, നാഹിദ് റാണ, റിഷാദ് ഹൊസൈൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം മത്സരം യു എ ഇ വിജയിച്ചതോടെ പരമ്പര 1-1 സമനിലയായി. പരമ്പര വിജയികളെ നിശ്ചയിക്കുന്ന അവസാന മത്സരം നാളെ നടക്കും.

Content Highlights: History in Sharjah, UAE beat Bangladesh for first time in T20I cricket

To advertise here,contact us