IPL 2025 പുനരാരംഭിക്കുമ്പോൾ പ്ലേ ഓഫിലേക്ക് ആരെല്ലാം?; സാധ്യതകളിങ്ങനെ!

നിലവിൽ 12 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോഴും ഒരു ടീമിനും പ്ലേ ഓഫ് ഉറപ്പിക്കാനായില്ല എന്നത് പോരാട്ടങ്ങളുടെ തീവ്രത കൂട്ടും

ഐപിഎൽ 2025 സീസൺ അതിന്റെ ആവേശകൊടുമുടിയിൽ നിൽക്കുമ്പോഴാണ് അതിർത്തിയിൽ ഇന്ത്യ-പാകിസ്താൻ സംഘർഷമുണ്ടാക്കുന്നതും മത്സരങ്ങൾ നീട്ടിവെക്കുന്നതും. ഇത് ക്രിക്കറ്റ് ആരാധകരെ വലിയ നിരാശയിലേക്കാണ് തള്ളിവിട്ടത്. ശനിയാഴ്ച മുതൽ വീണ്ടും ഐപിഎൽ പുനരാരംഭിക്കുമ്പോൾ ഈ ആവേശങ്ങൾ കൂടിയാണ് വീണ്ടും ഉയരുന്നത്.

നിലവിൽ 12 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോഴും ഒരു ടീമിനും പ്ലേ ഓഫ് ഉറപ്പിക്കാനായില്ല എന്നത് പോരാട്ടങ്ങളുടെ തീവ്രത കൂട്ടും. അതേസമയം ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്ലേ ഓഫിന് ഒരു ജയം മാത്രമകലെയാണ്. ഇരു ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ ബാക്കിയിരിക്കെ 16 പോയന്‍റ് വീതമുണ്ട്. അടുത്ത മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ ആര്‍സിബിക്കും ഗുജറാത്തിനും പ്ലേ ഓഫിലെത്താം. ഒന്നാം സ്ഥാനത്തുളള ഗുജറാത്തിന് അവസാന മൂന്ന് കളികളില്‍ 18ന് എവേ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും 22ന് ഹോം മത്സരത്തില്‍ ലക്നൗവും 25ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് എതിരാളികള്‍.

11 കളികളില്‍ 15 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിനും മൂന്ന് കളികള്‍ ബാക്കിയുണ്ട്. ഇതില്‍ ഒരു കളി ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെങ്കിലും രണ്ട് കളികള്‍ ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാനുള്ള അവസരം ഉണ്ട്. 12 കളികളില്‍ 14 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്. പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ അടുത്ത മത്സരം. ശേഷം പഞ്ചാബിനെയും നേരിടണം. ഈ രണ്ട് കളികളിലൊന്ന് ജയിച്ചാല്‍ 16 പോയിന്‍റാവുമെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. മറ്റുള്ള ടീമുകളുടെ പോയിന്റ് കൂടെ നോക്കേണ്ടി വരും. എന്നാൽ രണ്ടും ജയിച്ചാൽ മറ്റ് ടെൻഷനുകളൊന്നുമില്ല.

11 കളികളില്‍ 13 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്കാകട്ടെ അവസാന മൂന്ന് കളികളും ജയിച്ചാല്‍ 19 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിക്കാം. ശക്തരായ ഗുജറാത്തിനെയും മുംബൈയെയും പഞ്ചാബിനെയുമാണ് നേരിടേണ്ടത് എന്നതിനാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

12 കളികളില്‍ 11 പോയിന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തക്ക് അവസാന രണ്ട് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. ആര്‍സിബിയെയും ഹൈദരാബാദിനെയുമാണ് കൊല്‍ക്കത്തക്ക് നേരിടേണ്ടത്. 11 കളികളില്‍ 10 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗ അവസാന മൂന്ന് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. മോശം നെറ്റ് റൺ റേറ്റും തിരിച്ചടിയാകും.

Content Highlights: Who will make it to the playoffs when IPL 2025 resumes?; What are the chances?

To advertise here,contact us