ജീവിതം സ്ത്രീകള്‍ ആസ്വദിച്ചുതുടങ്ങി..യാത്രകളിലൂടെയും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ബിസിനസ് ചെയ്തും ഒരു ന്യൂനപക്ഷമെങ്കിലും പല സങ്കുചിത ചിന്തകളെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. എന്നും മാറ്റം ഒരു ചെറിയ ശതമാനം ആളുകളിലൂടെ മാത്രമേ സംഭവിക്കാറുള്ളൂ എന്നതാണ് പൊതുതത്വമെങ്കിലും സമൂഹത്തില്‍ കണ്ടുപരിചയിച്ച രീതിയില്‍ നിന്ന് വഴിമാറി നടക്കുന്നതിനാല്‍ ഇവര്‍ നേരിടേണ്ടി വരുന്ന എതിര്‍പ്പുകളും വിമര്‍ശനങ്ങളും വളരെ കടുപ്പമേറിയതായിരിക്കുകയും ചെയ്യും. ഇപ്പോഴിതാ കുടുംബമൊപ്പമില്ലാതെയുള്ള സ്ത്രീകളുടെ യാത്രകള്‍ നേരിടുന്ന ചോദ്യങ്ങളെ കുറിച്ചും ചില തിരിച്ചറിവുകളെ കുറിച്ചും ഇഷ്ടപ്പെട്ടത് ചെയ്യാന്‍ എല്ലാം ശരിയാവുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഡോ.സൗമ്യ സരിന്.
ഡോ.സൗമ്യ സരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഭര്‍ത്താവോ മക്കളോ ഇല്ലാതെ സ്ത്രീകള്‍ ഒരു ട്രിപ്പിന്റെ ഫോട്ടോ ഇട്ടാല്‍ താഴെ വന്നു 'കൗതുകം'പങ്കുവയ്ക്കുന്ന അഭ്യുദയകാംക്ഷികള്‍ക്ക് ഇപ്പോഴും നമുക്കിടയില്‍ പഞ്ഞമില്ല. എന്റെ പോസ്റ്റുകള്‍ക്ക് താഴെയും 'സരിന് എവിടെ, പാപ്പു എവിടെ' എന്ന അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു. ചിലര്‍ ചൊറിയാന്‍ ചോദിക്കുമ്പോള്‍ ചിലര്‍ ആത്മാര്‍ഥമായി ചോദിക്കുന്നതാണ്. അതെന്താ അവര്‍ കൂടെ ഇല്ലാത്തത് എന്ന് ന്യായമായും ചിലര്‍ക്ക് ഒരു കല്ലുകടി ആയി തോന്നുന്നു എന്നത് സത്യമാണ്. അതിലും തമാശ ഈ ചോദ്യം ഒരിക്കലും ആണുങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല എന്നത് കൂടിയാണ്. ഫ്രണ്ട്സുമായി ട്രിപ്പ് പോയ ഏതെങ്കിലും ആണുങ്ങളോട് ഭാര്യയെവിടെ കുട്ടിയെവിടെ എന്ന് ചോദിച്ചു ഞാന്‍ കണ്ടിട്ടില്ല.
അപ്പൊ പറയട്ടെ, എനിക്ക് ഈ ചോദ്യങ്ങളോട് ഒട്ടും തന്നെ അതൃപ്തി ഇല്ലാട്ടോ. കാരണം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും അവരെ പോലെ ആയിരുന്നു. ട്രിപ്പ് പോകുക എന്നാല്‍ കുടുംബത്തോടൊപ്പം മാത്രം. അല്ലാതെ ഒരു യാത്ര ഞാന്‍ പോയിട്ടില്ല ഇതുവരെ. എന്റെ ആ ചിന്താഗതി മാറ്റിയത് പാപ്പു ആണ്. അവള് വളര്‍ന്നു തുടങ്ങിയതോടെ എന്റെ ഒരുപാട് തെറ്റിദ്ധാരണകള്‍ മാറി എന്ന് പറയാം.
എനിക്ക് യാത്രകള്‍ അത്രക്ക് ഇഷ്ടമാണ്. ഞാന്‍ ജോലി ചെയ്തു വാങ്ങുന്ന ശമ്പളം അധികവും പൊട്ടിക്കുന്നത് യാത്രകള്‍ക്കാണ്. മരിക്കുന്നതിന് മുമ്പ് ഈ ലോകം പരമാവധി കാണുക എന്ന ഒരൊറ്റ ആഗ്രഹമേ എനിക്കുള്ളൂ. വേറൊന്നിനും കാശ് കൂട്ടി വെക്കുന്ന സ്വഭാവം എനിക്കില്ല. പക്ഷെ പോകുമ്പോ കുടുംബവും വേണം എന്നൊരു വാശി എപ്പോഴും എനിക്ക് ഉണ്ടായിരുന്നു. കണ്ടതും കേട്ടതും ജീവിച്ചതുമായ സാഹചര്യങ്ങള്‍ അങ്ങനെ ആയത് കൊണ്ട് ഉണ്ടായ ചിന്ത ആണത്. സ്ത്രീകള്‍ക്ക് വേറൊരു ഓപ്ഷന് ഉണ്ടോ എന്ന് പോലും ഞാന്‍ ആലോചിച്ചിട്ടില്ലായിരുന്നു. സരിന് പൊതുകാര്യങ്ങളുമായി വളരെ തിരക്കില്‍ ഓടുന്ന ആളാണ്. എങ്കിലും എന്റെ വാശികള്‍ക്ക് മുമ്പില്‍ അഡ്ജസ്റ്റ് ചെയ്തു പരമാവധി യാത്രകളില്‍ കൂടെ വരാറുണ്ട്. യാത്ര പോകേണ്ട സ്ഥലവും ബാക്കി കാര്യങ്ങളും ഓക്കെ എന്റെ തീരുമാനമാണ്. അവര്‍ കൂടെ വന്നോളണം എന്നൊരു ലൈന്‍. അല്പം വാശി ഓക്കെ ഉള്ള കൂട്ടത്തില്‍ ആണേ… അതുകൊണ്ട് ആ പാവങ്ങള്‍ക്ക് എന്റെ കൂടെ വരിക എന്നൊരു ഓപ്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ ഇത് അധിക നാള് തുടര്‍ന്നില്ല. പാപ്പു വലുതായി. കുറച്ചു നാള് മുമ്പ് അവള് എന്റെ ഒരു ട്രിപ്പ് പ്ലാന്‍ കേട്ടിട്ട് ഒരു ദയയുമില്ലാതെ നോ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ' നിങ്ങളോട് ഞാന്‍ ഇത്ര ബുദ്ധിമുട്ടുള്ള കാര്യം ആണോ പറയുന്നത്? ട്രിപ്പ് പോവാം എന്നല്ലേ… എല്ലാം ഞാന്‍ നോക്കാമല്ലോ… കൂടെ വന്നാ പോരെ… നിനക്ക് ഓക്കെ അഹങ്കാരം ആണ്. ചെറുപ്പത്തില്‍ ഞാനൊക്കെ ഒരു ട്രിപ്പ് പോകാന്‍ കൊതിച്ചിട്ടുണ്ട്….. ' അങ്ങനെ ഞാന്‍ ടിപ്പിക്കല്‍ മമ്മി ആയി അവളോട് ചീറ്റി… സരിന് മിണ്ടാതെ ഇതൊക്കെ കേട്ടിരുന്നു.
എല്ലാം കഴിഞ്ഞപ്പോ അവള് പറഞ്ഞു 'അമ്മ, യാത്രകള്‍ പോകുക എന്നത് അമ്മയുടെ പാഷന് ആണ്. ഞങ്ങളുടെ അല്ല. എനിക്ക് ചില പ്രത്യേക സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. പക്ഷെ എല്ലായിടത്തും പോകാന്‍ താല്പര്യം ഇല്ലാ. അച്ഛനും പല തിരക്കും ഉണ്ട്. അമ്മക്ക് വേണ്ടി അതെല്ലാം മാറ്റി വെച്ച് വരുന്നതാണ്. അമ്മക്ക് ഇഷ്ടമുള്ളിടത്തു അമ്മക്ക് പോകാം. എന്തിനാ ഞങ്ങള്‍ എപ്പോഴും വേണം എന്ന് വാശി പിടിക്കുന്നത്? നമ്മള് മൂന്നു പേരും റശളളലൃലി േശിറശ്ശറൗമഹ െആണ്. താല്പര്യങ്ങളും. അതോണ്ട് ഇങ്ങനെ വാശി പിടിക്കരുത്.'
അത് സത്യത്തില്‍ എനിക്കൊരു തിരിച്ചറിവ് ആയിരുന്നു. എല്ലാവരുടെയും പ്രയോറീട്ടികള് ഒന്നല്ല. ഇഷ്ടങ്ങള്‍ ഒന്നല്ല. എല്ലാവരും ആഗ്രഹിക്കുമ്പോള്‍ മാത്രമേ ഒരുമിച്ചു ഒരു കാര്യം ചെയ്യാന്‍ പാടൂ. അല്ലാതെ നമ്മുടെ ഇഷ്ടങ്ങള്‍ മാത്രം നോക്കി അവരെ നിര്‍ബന്ധിക്കരുത്. അവര്‍ അപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മറ്റെന്തെങ്കിലും ആകാം. അവര്‍ അത് ചെയ്യട്ടെ. നമ്മള് നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക.
അങ്ങനെ ആണ് ഞാനും നിഷയും ഒരുമിച്ചു ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തത്.
എന്റെ പ്രായമുള്ള പെണ്ണുങ്ങളോടാണ്. നമ്മുടെ ആഗ്രഹങ്ങള്‍ നടത്തി എടുക്കാന്‍ ആരെയും കാത്തിരിക്കേണ്ട ആവശ്യം ഇല്ലാ ട്ടോ… നമ്മുടെ ഭര്ത്താക്കന്മാരെയും ആങ്ങളമാരെയും ഓക്കെ പോലെ ഒരു ഫ്രെണ്ട്സ് ട്രിപ്പ് അടിച്ചു നോക്കൂ… അടിപൊളി ആണ്…
കുടുംബത്തോടൊപ്പം പോകുന്നത് സന്തോഷം തന്നെയാണ്. പക്ഷെ അത് മാത്രമല്ല സന്തോഷം എന്നത് തിരിച്ചറിയണം.ഭര്‍ത്താവും കുട്ടികളും ഓക്കെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതില്‍ വേറെയും ആളുകള്‍ ഉണ്ട്. നമ്മുടെ അച്ഛനമ്മമാര്‍, സുഹൃത്തുക്കള്‍ അങ്ങിനെ അങ്ങിനെ… ഓരോരുത്തരും നമുക്ക് നല്കുന്ന സന്തോഷം വ്യത്യസ്തമാണ്.
ഇത്തവണ 5 ദിവസങ്ങള്‍ ഞാനും നിഷയും ആദ്യമായി ഒരുമിച്ചു നില്‍ക്കുകയായിരുന്നു. ഈ അഞ്ചു ദിവസങ്ങള്‍ ഞങ്ങള്‍ ആസ്വദിച്ച പോലെ ഒരിക്കലും ഞങ്ങള്‍ക്ക് കുടുംബത്തോടൊപ്പം അതെ രീതിയില്‍ ആസ്വദിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഞങ്ങള്‍ അത്രക്ക് സംസാരിച്ചു. ജീവിതത്തില്‍ ആദ്യമായി പലതും കണ്ടു, അനുഭവിച്ചു. സത്യത്തില്‍ ഞങ്ങളുടെ സ്വഭാവങ്ങളിലെ നല്ല വശങ്ങള് മാത്രമേ ഞങ്ങള്‍ക്ക് പരസ്പരം അറിയുമായിരുന്നുള്ളു. കൂടുതല്‍ സമയം ഒരുമിച്ചു ചിലവഴിച്ചപ്പോഴാണ് അത്രക്ക് നല്ലതല്ലാത്ത വശങ്ങളും ഞങ്ങള്‍ കണ്ടത് (അതില്‍ കൂടുതല്‍ എന്റെ ആയിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമേ ഉള്ളു ??)… പക്ഷെ അതെല്ലാം സൗഹൃദങ്ങളെ കൂടുതല്‍ ദൃ്ഢമാക്കുകയേയുള്ളു.
അപ്പോ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു…
ഒരിക്കലും സമയം കഴിഞ്ഞു എന്ന് കരുതരുത്. ഈ ലോകം നമ്മള് പെണ്ണുങ്ങള്‍ക്കും കൂടി ഉള്ളതാണ്.എല്ലാം ശരിയായി ലോകം കാണാം എന്ന് കരുതി ഇരുന്നാല്‍ അതൊരിക്കലും ഉണ്ടാകില്ല.ഇന്ന്… ഇപ്പോള്‍…ഇവിടെ….അതാണ് ജീവിതം!
Content Highlights:Dr. Soumya Sarin's facebook post related about travelling and women empowerment