പ്രണയം മാത്രം മതിയോ? 30 വയസിന് മുകളിലുള്ളവർ ബന്ധങ്ങളില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

30 വയസിന് മുകളിലുളളവര്‍ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ ചില നുറുങ്ങുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്

20 കളിലെയും 30 കളിലെയും ഡേറ്റിംഗ് വ്യത്യസ്തമായിരിക്കും. 20 കളിലെ ഡേറ്റിംഗ് ആസ്വദിക്കാനുള്ളതും പുതിയ അനുഭവങ്ങള്‍ അറിയാനുള്ളതുമാണ്. എന്നാല്‍ 30 കളിലെ ഡേറ്റിംഗ് സ്‌നേഹത്തേക്കാള്‍ അല്‍പ്പം ഉത്തരവാദിത്തംകൂടി നിറഞ്ഞത് കൂടിയാണ്. 30 വയസിന് മുകളിലുള്ളവര്‍ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ ചില നുറുങ്ങുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സത്യസന്ധമായ ആശയ വിനിമയം

സംസാരിക്കേണ്ടത് പ്രധാനമാണ്. പക്ഷേ നിങ്ങള്‍ പരസ്പരം എങ്ങനെ ബഹുമാനിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സത്യസന്ധമായും വ്യക്തമായും പങ്കാളിയോട് തുറന്നുപറയുക. പങ്കാളിക്ക് ഒരിക്കലും നിങ്ങളുടെ മനസ് വായിക്കാന്‍ കഴിയുമെന്ന് വിചാരിക്കരുത്. നിങ്ങളുടെ ഒരു ദിവസത്തെക്കുറിച്ചായാലും സ്വപ്‌നങ്ങളെക്കുറിച്ചായാലും ആശങ്കകളെക്കുറിച്ചായാലും തുറന്ന് സംസാരിക്കുക.

പരസ്പരം ബഹുമാനിക്കുക

30 വയസിനിടയില്‍ മിക്ക ആളുകളും അവരവരുടേതായ ശീലങ്ങളും ദിനചര്യകളും വികസിപ്പിച്ചെടുത്തിരിക്കും. നിങ്ങളുടെ പങ്കാളികളുടെ ഇഷ്ടം, ഹോബികള്‍, സൗഹൃദങ്ങള്‍, അല്ലെങ്കില്‍ ഒറ്റയ്ക്കുള്ള ശാന്തമായ നിമിഷങ്ങള്‍ എന്നിവയ്ക്കായി പരസ്പരം സമയം നല്‍കുക. വ്യക്തിപരമായ ഇടത്തെ ബഹുമാനിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിലേക്ക് നയിക്കുന്നു.

ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക

30 വയസിന് ശേഷമുള്ള ജീവിതം ജോലി സമ്മര്‍ദ്ദം, കുടുംബം, സാമ്പത്തിക ആസൂത്രണം എന്നിവയുള്‍പ്പെടെ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതായിരിക്കും. തെറ്റുകള്‍ പറ്റുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്താതെ ഒരു ടീമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. നല്ല സമയങ്ങളിലും പ്രയാസകരമായ സമയങ്ങളിലും ഒരുമിച്ച് നില്‍ക്കുക.

പ്രണയം സജീവമായി നിലനിര്‍ത്തുക

പ്രായമേറുമ്പോള്‍ പ്രണയം കുറഞ്ഞാലും കുഴപ്പമില്ല എന്ന കാഴ്ചപ്പാട് ശരിയല്ല. സ്‌നേഹസംഭാഷണങ്ങള്‍, ചെറിയ സമ്മാനങ്ങള്‍, നല്ല സമയം എന്നിവ നല്‍കി പങ്കാളിയെ അത്ഭുതപ്പെടുത്തുക. പരസ്പരം കൈകള്‍ പിടിച്ച് നടക്കുക, ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ പോലും നിങ്ങളെ കൂടുതല്‍ അടുപ്പിക്കും. ആരും പൂര്‍ണ്ണരല്ല. ചിലപ്പോള്‍ കുറവുകളുണ്ടാകും. പ്രണയമെന്നാല്‍ പങ്കാളിയെ അതേപടി സ്വീകരിക്കുക എന്നതാണ്. അല്ലാതെ അവരെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ മാറ്റാന്‍ ശ്രമിക്കുക എന്നതല്ല.

ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക

പ്രായം കൂടുംതോറും ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. നന്നായി ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യാനും പരസ്പരം പ്രോത്സാഹിപ്പിക്കുക. തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍ എപ്പോഴും ഒരുമിച്ചിരിക്കാന്‍ സാഹചര്യമൊരുക്കിയെന്ന് വരില്ല. എങ്കിലും ഒന്നിച്ചുളള സമയങ്ങള്‍ മറ്റ് ഇടപെടലുകളില്ലാതെ നിങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിക്കുക.

Content Highlights :Some dating tips for those over 30 should know

To advertise here,contact us