എല്ലായ്‌പ്പോഴും 'വിക്ടിം കാര്‍ഡ്'ഉയര്‍ത്തുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ ശത്രു മറ്റാരുമല്ല

ജോലിസ്ഥലത്ത് നിങ്ങളെ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്ന ബോസ്, അല്ലെങ്കില്‍ ഒരു സുഹൃത്ത് അങ്ങനെ ആരെങ്കിലും എല്ലാക്കാലത്തും കുറ്റപ്പെടുത്തുന്നതിനായി അപ്പുറത്ത് ഉണ്ടാകും. ഇനി അഥവാ ഒരു വ്യക്തിയെ കണ്ടെത്താനായില്ലെങ്കില്‍ അത് വിധിയിലേക്ക് നീങ്ങും.

എല്ലായ്‌പ്പോഴും വിക്ടിം കാര്‍ഡ് എടുത്തുപുയോഗിക്കുന്ന ചിലരെ നമുക്കറിയാം. സൗഹൃദം നഷ്ടപ്പെടുമ്പോള്‍, ജോലി കഠിനമാകുമ്പോള്‍, റിലേഷന്‍ഷിപ്പിന് അതിന്റെ ഊഷ്മളത നഷ്ടപ്പെടുമ്പോള്‍, പ്ലാന്‍ ചെയ്ത രീതിയില്‍ അവധിക്കാലം ചെലവഴിക്കാനായില്ല എന്തിനും ഏതിനും കുറ്റക്കാരായി ഒരാളെ കണ്ടെത്തുക. ജോലിസ്ഥലത്ത് നിങ്ങളെ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്ന ബോസ്, അല്ലെങ്കില്‍ ഒരു സുഹൃത്ത് അങ്ങനെ ആരെങ്കിലും എല്ലാക്കാലത്തും കുറ്റപ്പെടുത്തുന്നതിനായി അപ്പുറത്ത് ഉണ്ടാകും. ഇനി അഥവാ ഒരു വ്യക്തിയെ കണ്ടെത്താനായില്ലെങ്കില്‍ അത് വിധിയിലേക്ക് നീങ്ങും. 'അല്ലെങ്കിലും എന്റെ എല്ലാ കാര്യവും ഇങ്ങനെയാണ്','ഞാന്‍ വിചാരിച്ചപോലെ കാര്യങ്ങളൊന്നും നടക്കില്ല' തുടങ്ങി ന്യായീകരണങ്ങളോടെ ഒരോ സാഹചര്യത്തിനും നാം കാരണം കണ്ടെത്തും.

അല്പം കുറ്റപ്പെടുത്തലും പരാതി പറയലുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ നെഗറ്റീവ് സംഭവത്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് തുടര്‍ച്ചയായി സംഭവിക്കുന്നുണ്ടെങ്കില്‍, അതൊരു തുടര്‍ച്ചയായ ശീലമാണെങ്കില്‍ അത് വിക്ടിം മെന്റാലിറ്റിയുടെ പ്രശ്‌നങ്ങളായി വേണം വിലയിരുത്താന്‍. ഇരവാദം നടത്തുന്നവര്‍ എല്ലായ്‌പ്പോഴും തങ്ങളെ അധികാരമില്ലാത്തവരായും തങ്ങളോട് അന്യായമായാണ് സകലരും പെരുമാറിയതെന്നും വിശ്വസിക്കുന്നവരാകും.

അത്തരത്തില്‍ സ്വയം താനൊരു ഇരയാണെന്ന് വിശ്വസിക്കുന്നതിന് നിങ്ങള്‍ ഒരു മോശപ്പെട്ട വ്യക്തിയാണെന്ന് അര്‍ഥമില്ല. പക്ഷെ, അതിന് നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കാന്‍ കഴിഞ്ഞേക്കും. ഒരിടത്ത് നിങ്ങളെ പിടിച്ചുനിര്‍ത്തുകയും, വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും, പ്രതീക്ഷയില്ലാതെ മുന്നോട്ടുപോകാന്‍ പ്രേരിക്കുകയും ചെയ്‌തേക്കാം.

ഏറ്റവും വലിയ ശത്രു ഈ ചിന്ത

താനൊരു ഇരയാണ് എന്ന മാനസികാവസ്ഥ നിങ്ങളുടെ മാനസികനിലയെ സാരമായി ബാധിച്ചേക്കാം. നിങ്ങളുടെ വ്യക്തി ജീവിതത്തെയും പ്രൊഫഷണല്‍ ജീവിതത്തെയും ഇത് വളരെ മോശമായി തന്നെ ബാധിക്കും. എല്ലായ്‌പ്പോഴും സ്വയം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് ജീവിതത്തിലെ നല്ല വശങ്ങള്‍ കാണാന്‍ സാധിച്ചെന്ന് വരില്ല.

വൈകാരികമായി, ഇത് നിങ്ങളെ സമ്മര്‍ദത്തിലേക്കും നിസ്സഹായതയിലേക്കും നയിക്കും. എല്ലാ വെല്ലുവിളികളും അസാധ്യമെന്നും ആശങ്കയുണ്ടാക്കുകയും ചെയ്യും. ഇത് വിശ്വാസത്തെയും ബന്ധങ്ങളെയും മുറിവേല്‍പ്പിക്കും. സുഹൃത്തുക്കളും വീട്ടുകാരും പാരിതപ്രളയത്തില്‍ മനസ്സ് മടുക്കും, ഇത് നിങ്ങളെ ഏകാന്തതയിലേക്ക് തള്ളിവിടും.ജോലിയില്‍ ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തും. എല്ലാ പരാജയത്തിനും പുറത്തുനിന്നുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തെറ്റുകള്‍ തിരുത്താന്‍ നിങ്ങള്‍ സ്വയം തയ്യാറാകാത്ത അവസ്ഥ നിലവില്‍ വരും. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന മറ്റുള്ളവര്‍ പറയുന്ന യാഥാര്‍ഥ്യത്തെ പോലും അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകണമെന്നില്ല. ഇത് വഴക്കിലായിരിക്കും പലപ്പോഴും കലാശിക്കുക.

തെറ്റിനെ ന്യായീകരിക്കുക

ചെയ്ത തെറ്റിനെ ന്യായീകരിക്കുകയാണ് ഇത്തരക്കാരുടെ മറ്റൊരു സവിശേഷത. ജോലിസ്ഥലത്ത് യഥാസമയം എത്താതിരിക്കുക, ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് വൈകാരികമായി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയത്ത് അനുകമ്പയോടെ അവരെ സമീപിക്കാതിരിക്കുക ഇതിനെല്ലാം ഇത്തരക്കാര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ കാണും.

പണ്ടുകാലത്തുണ്ടായ മാനസികക്ഷതങ്ങളെ വിടാതെ മുറുക്കിപ്പിടിക്കുന്നവരാണ് ഇക്കൂട്ടര്‍. ഒരിക്കല്‍ ഒരു ആത്മസുഹൃത്ത് വഞ്ചിച്ചു എന്ന ഒറ്റക്കാരണത്താല്‍ മറ്റാരെയും വിശ്വസിക്കാന്‍ ഇവര്‍ പിന്നീട് തയ്യാറാകില്ല. സ്വപ്‌നം കണ്ട ലക്ഷ്യത്തിന്റെ ആദ്യശ്രമത്തിലുണ്ടായ പരാജയത്തെ തുടര്‍ന്ന് വീണ്ടും അതിനായി ശ്രമിക്കാതെ ഇരിക്കുക ഇതെല്ലാം അവരുടെ ജീവിതത്തിന്റെ പ്രത്യേകതകളാണ്. ഈ മാനസികാവസ്ഥ ഇവരെ ജീവിതത്തില്‍ മുന്നോട്ടുപോകുന്നതില്‍നിന്ന് തടയും.

ആരെങ്കിലും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വഴി പറഞ്ഞുകൊടുത്താല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകില്ല. ഉപദേശം സ്വീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് പൊതുവെ മടിയാണ്. ഇനിയൊന്നും ശരിയാക്കാന്‍ കഴിയില്ലെന്ന കടുത്ത വിശ്വാസം ഇവരുടെ മനസ്സില്‍ ഉറച്ചുകഴിഞ്ഞിരിക്കും. ഒരു മാറ്റത്തിനായി ഇവര്‍ സ്വയം ശ്രമിക്കില്ല. എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കുന്നില്ല, മനസ്സിലാക്കുന്നില്ല, കഴിവുകളില്‍ വിശ്വസിക്കുന്നില്ല തുടങ്ങിയ പരാതികള്‍

ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ഇത്രയേറെ നെഗറ്റീവ് ആയ ഈ മാനസികാവസ്ഥയിലേക്ക് എത്തുന്നതിന് കാരണം

സംഭവിച്ചതില്‍ നിന്നെല്ലാം രക്ഷനേടാനുള്ള മാര്‍ഗമാണ് ഈ കുറ്റാരോപണം. പലര്‍ക്കും അഥിജീവനത്തിനുള്ള അവരുടെ മനസ്സ് നടത്തുന്ന തന്ത്രമാണത്. ഉത്തരവാദിത്തമുള്ള തീരുമാനമെടുക്കാന്‍ അവര്‍ പാടുപെടും, തങ്ങളില്‍ ഒരിക്കലും അവര്‍ സംതൃപ്തരായിക്കില്ല. അവരുടെ മുന്‍കാലത്തെ അനുഭവങ്ങളായിരിക്കും അവരെ അത്തരത്തില്‍ എത്തിക്കുന്നത്.

എല്ലായ്‌പ്പോഴും അവഗണനയും വഞ്ചനയും നേരിട്ടവര്‍ക്ക് ഇത് തങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഒരു മാര്‍ഗമാണ്. ആവര്‍ത്തിച്ച് ചെയ്ത പ്രവൃത്തികളെ അംഗീകരിക്കാതിരിക്കുക, അടിച്ചമര്‍ത്തുക, വൈകാരികമായി ഉപദ്രവിക്കുക, അല്ലെങ്കില്‍ മാനസികാഘാതം എന്നിവ മുന്‍കാലങ്ങളില്‍ അനുഭവിച്ചവര്‍ക്ക് ലോകം തങ്ങള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്നും തങ്ങളോട് അന്യായമായാണ് പെരുമാറുന്നതെന്നും തോന്നാനുള്ള സാഹചര്യം ഏറെയാണ്. അതോടെ ഇവര്‍ സ്വയം ഞാനൊരു ഇരയാണ് എന്ന് സ്വയം വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ചിലര്‍ സഹാനുഭൂതിക്ക് വേണ്ടിയും അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയും ഈ മാനസികാവസ്ഥയെ ചേര്‍ത്തുപിടിക്കാറുണ്ട്. ഇതില്‍ നിന്ന് പുറത്തുകടക്കുക അത്രമേല്‍ എളുപ്പമായ ഒരു സംഗതിയല്ല. യഥാര്‍ഥ പ്രശ്‌നങ്ങളെ തിരിച്ചറിയുക, അതിന് ഒരുപാട് സമയം എടുത്തേക്കാം. എനിക്ക് എന്തുപറ്റി എന്നുചിന്തിക്കുന്നതിന് പകരം എനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന തലത്തിലേക്ക് ചിന്തയെ ഉയര്‍ത്താം.

സ്വീകരിക്കാവുന്ന വഴി

തിരിച്ചടികളെ വ്യക്തിപരമായ പരാജയമായി കാണുന്നതിന് പകരം ഇതില്‍ നിന്ന് എന്തുപഠിച്ചുവെന്ന് സ്വയം ചോദിക്കുക. ഓരോ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയും മറികടന്നത് ജേണല്‍ ചെയ്യുക. അത് കുറ്റപ്പെടുത്തുന്നതില്‍ നിന്ന് വളര്‍ച്ചയിലേക്കുള്ള പടവ് കാണിച്ചുതരും.

ചെറിയ ചെറിയ തീരുമാനങ്ങള്‍ എടുത്ത് വിജയിപ്പിക്കുക. അത് വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും.

ദിവസവും അന്നത്തെ ദിവസം ജീവിതത്തിലുണ്ടായ മൂന്ന് കാര്യങ്ങളെ അഭിനന്ദിക്കുക. അതെത്ര ചെറുതായാലും. പോസിറ്റീവിലേക്ക് ചിന്തകളെ തിരിച്ചുവിടുമ്പോള്‍ കൂടുതല്‍ സമയം അനാവശ്യ ചിന്തകളില്‍ മുഴുകേണ്ടി വരില്ല.

Content Highlights: Rise Above Victimhood: Strategies for Empowerment and Growth

To advertise here,contact us