സിഗരറ്റല്ല, പക്ഷെ സ്മോക്ക് ബ്രേക്കിന് സമാനമായ പ്രതീതി; ഇതാണ് 'ഫ്രിജ് സിഗരറ്റ്'

'സ്‌മോക്ക് ബ്രേക്കി'ന് സമാനമായ പ്രതീതി തരുമെന്നാണ് കരുതുന്നത്

'ഫ്രിജ് തുറന്ന് ഒരു തണുത്ത കോക് ടിൻ എടുക്കുന്നു. പൊട്ടിച്ച് വായിലേക്ക് ഒഴിക്കുമ്പോൾ കിട്ടുന്ന തരിപ്പ്, തൊണ്ടയിലൂടെ അകത്തേക്ക് പോകുമ്പോഴുണ്ടാകുന്ന സുഖം.' ഇങ്ങനെ ഒരു പാനീയം കുടിക്കുമ്പോൾ അൽപം ആശ്വാസം ലഭിച്ചതായി തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾ ഉപയോഗിച്ചത് 'ഫ്രിജ് സിഗരറ്റ്' ആണെന്ന് ഇന്റർനെറ്റ് പറയുന്നു. ഇത് ഒരിക്കലും ഒരു സിഗരറ്റിന്റെ ഫലം ചെയ്യില്ല, ശരി തന്നെ. പക്ഷെ ഇത് 'സ്‌മോക്ക് ബ്രേക്കി'ന് സമാനമായ പ്രതീതി തരുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ പല ആളുകളും പറയുന്നത്.

'ഫ്രിജ് സിഗരറ്റ്' എന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പേരൊന്നുമല്ല. പക്ഷെ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ചേർന്ന് സോഷ്യൽ മീഡിയയിലൂടെ നൽകിയ പേരാണ് ഇത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാധനങ്ങൾ‌ ആരോഗ്യകരമാണോ, അതോ ശരീരത്തിന് ദോഷം ചെയ്യുമോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല, എന്നാൽ എല്ലാവരുമൊന്ന് പരീക്ഷിക്കുകയും ചെയ്യും.

ഫ്രിജ് സിഗരറ്റ് ആളുകൾക്ക് ആശ്വാസവും, സന്തോഷവും നൽകുന്നുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വൈകാരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുമ്പോൾ ചിലർ ഫ്രിജിൽ നിന്ന് എന്തെങ്കിലും എടുത്ത് കഴിക്കും. വിശന്നിട്ടോ, ദാഹിച്ചിട്ടോ ആയിരിക്കില്ല, മാനസിക പിരിമുറുക്കം മാറാൻ വേണ്ടി ആളുകൾ ഇങ്ങനെ ചെയ്യാറുണ്ട്. ഇത് വൈകാരികമായി പിന്തുണ നൽകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫ്രിജിൽ സൂക്ഷിച്ചിരിക്കുന്ന ശീതളപാനീയങ്ങൾ തുറക്കുമ്പോഴുള്ള ശബ്ദവും, സിഗരറ്റ് കത്തിക്കുമ്പോഴുള്ള ശബ്ദവും തമ്മിൽ സാമ്യമുണ്ടെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ ആദ്യമായി സിഗരറ്റ് വലിക്കുന്നവർ ചുമയ്ക്കുന്നത് പോലെ, ആദ്യമായി 'ഫ്രിജ് സിഗരറ്റ്' ഉപയോഗിക്കുന്നയാൾ ഛർദിക്കുന്നു. ഇതൊക്കെ മൂലം തലച്ചോറിന് ചെറിയ രീതിയിൽ സിഗരറ്റ് വലിക്കുന്നതിന് സമാനമായ ഉത്തേജനം ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

സാധാരണ ശീതള പാനീയങ്ങൾ ആരോഗ്യത്തിന് നല്ലതല്ലാത്തതിനാൽ പലരും, ഡയറ്റ് കോക്കാണ് ഫ്രിജ് സിഗരറ്റായി ഉപയോഗിക്കുന്നത്. എങ്കിലും ഇത് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമാണോ?

ഡയറ്റ് കോക്ക് ആരോഗ്യത്തിന് വലിയ രീതിയിൽ ദോഷമുണ്ടാക്കില്ലെങ്കിലും, വെള്ളം പോലെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നല്ല എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പതിവായി ഇവ കഴിക്കുന്നത് അമിതഭാരത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുടലിലെ അസുഖങ്ങൾ, മെറ്റബോളിക് സിൻഡ്രോം പോലുള്ളവയ്ക്കും ഇത് കാരണമാകുമെന്നാണ് കണ്ടെത്തൽ.

Content Highlight; Fridge Cigarette: Cold, Fizzy, and Canned

To advertise here,contact us