കൊവിഡ് കാലഘട്ടത്തിന് ശേഷം ഒരുപാട് ചർച്ചയായ വിഷയമാണ് ബ്രെയിൻ ഫോഗ്. സോഷ്യൽ മീഡിയയിലും റിയൽ ലോകത്തും ഈ വിഷയം ഒരുപാട് ചർച്ചയായി. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാൻ സാധിക്കാതിരിക്കുക, ജീവിതത്തിൽ നടന്ന കാര്യങ്ങൾ മറക്കുക, പരസ്പര ബന്ധമില്ലാതെ പോകുക അങ്ങനെ നീളുന്ന ഒരു കൂട്ടം അസ്വസ്ഥതപ്പെടുത്തുന്ന അവസ്ഥകളെയാണ് ബ്രെയിൻ ഫോഗ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സോഷ്യല്‍ മീഡിയാ ഉപയോഗത്തിന്റെ അതിപ്രസരമടക്കം ജീവിതശെെലിയിലെ പല ക്രമക്കേടുകളും ബ്രെയിന്‍ ഫോഗിന് കാരണമാകുന്നുണ്ട്. ഇന്നത്തെ യുവാക്കളില്‍ ഭൂരിഭാഗവും ബ്രെയിന്‍ ഫോഗ് അനുഭവിക്കുന്നവരാണ്.
ചെറിയ ഓർമപിശക് എന്ന തരത്തിലാണ് ബ്രെയിൻ ഫോഗ് പലപ്പോഴും ആരംഭിക്കുന്നത്. കാര്യങ്ങൾ, വസ്തുക്കൾ, സാഹചര്യങ്ങൾ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം. തുടർന്ന് പുതിയ വിവരങ്ങൾ തലച്ചോറിൽ റജിസ്റ്റർ ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടും. പകൽ ഉറക്കം, മന്ദത, ചിന്തകളുടെ മന്ദത എന്നിവയുമായും ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ബ്രെയിന്‍ ഫോഗ് ഉള്ളവരോട് ആരെങ്കിലും ഒരു ചോദ്യം ചോദിക്കുകയാണെങ്കിൽ, അത് മനസ്സിലാക്കാനും പ്രതികരിക്കാനും അവര്‍ ഒരുപാട് സമയമെടുക്കും.
ചിന്തകളിൽ ബാധിക്കുന്ന ഈ മന്ദത പിന്നീട് വാക്കുകൾ പ്രകടനപ്പിക്കാനുള്ള വേഗതയെയും സ്വാധീനിക്കും. ഇത് ദൈനംദിന ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എത്തിക്കുകയും മാനസികമായി തളരാനും കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. കൊവിഡിന്റെ ദീർഘകാല ലക്ഷണമെന്ന രീതിയില്‍ കൂടി ബ്രെയിന്‍ ഫോഗിനെ വിലയിരുത്തിയിരുന്നു. എന്നാല്‍ ജീവിതശെെലിയുമായി ബന്ധപ്പെട്ടാണ് ബ്രെയിന്‍ ഫോഗ് കൂടുതല്‍ പേരില്‍ കണ്ടുവരുന്നത് എന്നാണ് പിന്നീട് വന്ന പഠനങ്ങള്‍ വ്യക്തമാക്കിയത്.
ഈ ബ്രെയിൻ ഫോഗിൽ നിന്നും രക്ഷ നേടാനും ചില വഴികളുണ്ട്. ജീവിതശൈലിയിൽ ക്രമീകരണം നടത്തേണ്ടതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാത്രി എട്ട് മണിക്കൂറോളം ഉറക്കം, ആവശ്യത്തിന് വെള്ളം കുടിക്കുക, കൂടുതൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കുറഞ്ഞത് രാത്രി 8 മണിക്ക് മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക. ഇതോടൊപ്പം ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളാനും ലഹരി ഉപയോഗം നിർത്താനും ശ്രമിക്കുക.
ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ജീവിതശൈലിയിൽ കൊണ്ടുവന്നാൽ ബ്രെയിൻ ഫോഗ് പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കും. കൃത്യമായ വ്യായാമവും ഡയറ്റും ഫോക്കസ് കൂട്ടാൻ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്. നിങ്ങളുടെ കയ്യിലൊതുങ്ങാത്ത കാര്യങ്ങളെയോർത്ത് ഒരുപാട് ടെൻഷൻ അടിക്കുന്നത് നിർത്തുന്നത് മെന്റൽ ഹെൽത്തിനെ പോസിറ്റീവായി സ്വാധീനിക്കും.
Content Highlights : Brain Fog and causes of it