ഗര്‍ഭിണികളുടെ മനസ് വിഷമിപ്പിക്കല്ലേ..., അനുഭവിക്കേണ്ടി വരിക കുഞ്ഞുങ്ങളാണ്

സ്ത്രീകളിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു

ഗര്‍ഭകാലം എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം നിറഞ്ഞതായിരിക്കില്ല. ചിലര്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നു. മറ്റുചിലര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭകാലത്ത് നിരവധി സ്ത്രീകള്‍ക്ക് മൂഡ് സ്വിങ്‌സിന്റെ ഭാഗമായി മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെ മനസിനെയും ബാധിക്കും. കൂടാതെ സാഹചര്യങ്ങള്‍ കൂടി പ്രതികൂലമായിരിക്കുന്ന സ്ത്രീകളെക്കുറിച്ച് ചിന്തിച്ച് നോക്കു. ഇത് തരണം ചെയ്യുക ബുദ്ധിമുട്ടാണ്.

ഇത് ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, എന്നാല്‍ ഈ സമയങ്ങളില്‍ സ്ത്രീകളിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഉയര്‍ന്ന സമ്മര്‍ദ്ദവും മാനസിക പ്രശ്‌നങ്ങളും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം;

ഗര്‍ഭിണികളിലെ മാനസിക പിരിമുറുക്കങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയുടെ 27-33 ആഴ്ച്ചകൊണ്ട് തന്നെ സ്ത്രീ പ്രസവിക്കാനുള്ള സാധ്യതയുണ്ട്. ഒന്‍പത് മാസങ്ങള്‍ തികയാതെ പ്രസവിക്കുമ്പോള്‍ കുഞ്ഞിനും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഗര്‍ഭിണിയായിരിക്കെ ഏറെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ ഭാരം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭിണിയായിരിക്കെയുള്ള മാനസിക പിരിമുറുക്കങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌ക വികാസത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പിന്നീട് ജനനത്തിന് ശേഷവും കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിന്റെ വികാസം കുറയുകയും, പെരുമാറ്റ വൈകല്യങ്ങള്‍ പോലും ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

അമ്മയ്ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ ശിശുവിന്റെ ശരീരത്തിലേക്ക് നേരിട്ട് ബാധിക്കുന്നു. ഇത് ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

അമ്മമാരുടെ മാനസിക പ്രശ്‌നങ്ങള്‍, ഭക്ഷണക്രമം, പുകവലി, വ്യായാമക്കുറവ് തടങ്ങിയ ശീലങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പിന്നീട് കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍ വരെ ഉണ്ടാക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഗര്‍ഭത്തിലിരിക്കെ അമ്മയിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ കുഞ്ഞിന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭത്തിലിരിക്കെ ശാരീരികവും, മാനസികവുമായി സാധാരണ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമെ മറ്റ് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാര മാര്‍ഗം .

Content Highlight; How Maternal Stress During Pregnancy Impacts Baby's Health

To advertise here,contact us